stock-traders

തിരഞ്ഞെടുപ്പിന് ശേഷം പ്രാരംഭ ഓഹരി വിൽപ്പനയുടെ കുതിപ്പിന് കാത്തിരിക്കുകയാണ് ഓഹരി വിപണി. വരുന്ന രണ്ട് മാസത്തിനുള്ളിൽ 24 കമ്പനികൾ പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് കടക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതുവഴി 30,000 കോടി രൂപ സമാഹരിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം.  ഇവയിൽ 18 കമ്പനികൾക്ക് ഐ.പി.ഒ.യ്ക്ക് സെബി അനുമതി നൽകി. 18 കമ്പനികൾ ചേർന്ന് ഐപിഒ വഴി 20,000 കോടി രൂപ സമാഹരിക്കുമെന്നാണ് വിലയിരുത്തുന്നത്. 

ഈ വർഷം ഇതുവരെ ആറ് മാസത്തിനുള്ളിൽ 52 ഐ.പി.ഒ.കളാണ് നടന്നത്. കമ്പനികൾ ചേർന്ന് 50,000 കോടി രൂപ സമാഹരിച്ചു. തിരഞ്ഞെടുപ്പ് മാസങ്ങളിൽ പൊതുവെ കാണുന്ന വരൾച്ച ഇത്തവണയും കണ്ടു. ഏപ്രിൽ, മേയ് മാസങ്ങളിൽ ഏഴ് കമ്പനികൾ 15,000 കോടി രൂപയാണ് സമാഹരിച്ചത്. ‌ഈ വരൾച്ചയ്ക്ക് ശേഷം ഊഷാറാവുകയാണ് വിപണി. 

തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ലിസ്റ്റ് ചെയ്ത ഓൺലൈൻ ട്രാവൽ ഏജൻസിയായ ഇക്സി​ഗോ നിക്ഷേപകരെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.പി.ഒ. സബ്സ്ക്രിപ്ഷന് തുറന്ന ആദ്യ ദിവസം തന്നെ പൂർണമായും സബ്സ്ക്രബ് ചെയ്യപ്പെട്ട ഇക്സി​ഗോ ചൊവ്വാഴ്ച 48.5 ശതമാനം പ്രീമിയത്തിൽ 138.10 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. രണ്ട് ദിവസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുകയും ചെയ്തു. ഈ വ്യാപാര ആഴ്ചയിൽ മൂന്ന് മെയിൻ ബോർഡ് ഐ.പി.ഒ.കളും ആറ് എസ്എംഇ ഐ.പി.ഒ.കളുമാണ് വിപണി കാത്തിരിക്കുന്നത്. ഇവ 1,241 കോടി രൂപയാണ് സമാഹരിക്കാനിരിക്കുന്നത്. 

വരാനിരിക്കുന്നത് വമ്പൻ ഐ.പി.ഒ.കൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഓല ഇലക്ട്രിക് ഐ.പി.ഒയ്ക്കായി സെബിയുടെ അനുമതി തേടിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ തന്നെ ഇഷ്യു പ്രതീക്ഷിക്കുന്നു. ഓൺലൈൻ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫസ്റ്റ് ക്രൈയുടെ മാതൃകമ്പനിയായ ബ്രെയിൻ ബീസ് സൊലൂഷ്യൻ, ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്, നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്‍ഡിഎൽ), അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ, വാറീ എനർജീസ്, ആസിർവാദ് മൈക്രോഫിനാൻസ്, സ്റ്റാൻലി ലൈഫ് സ്റ്റൈൽ, വൺ മൊബിക്വിക് സൊല്യൂഷൻസ് തുടങ്ങിയ കമ്പനികളും ഉടൻ വിപണിയിലേക്ക് എത്തും. കൂടാതെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായിയുടെ ഇന്ത്യൻ വിഭാ​ഗവും (ഹ്യൂണ്ടായി മോട്ടർ ഇന്ത്യ) ഭക്ഷണവിതരണ കമ്പനിയായ സ്വി​ഗി, ബജാജ് ഹൗസിങ് ഫിനാൻസ് തുടങ്ങിയവയുടെ ഐ.പി.ഒ.കളും വരുന്ന മാസങ്ങളിൽ വിപണിയെ ആവേശത്തിലാക്കും. 

ചരിത്രമാകാൻ ഹ്യൂണ്ടായി

ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ഒരുങ്ങുന്നത് ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ.യ്ക്കാണ്. സെബിയിൽ സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെയറിങ് പ്രൊസ്പെക്ടേഴ്സ് പ്രകാരം 10 രൂപ മുഖവിലയുള്ള 142,194,700 ഓഹരികളാണ് കമ്പനി വിറ്റഴിക്കുന്നത്. പൂർണമായും ഓഫർ ഫോർ സെയിൽ രീതിയിലുള്ള ഐ.പി.ഒ.യിലൂടെ ​ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ  17.5 ശതമാനം ഓഹരികൾ വിറ്റഴിക്കും. ഏക​ദേശം 25,000 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ഇതോടെ ഇന്ത്യ ചിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ. 21,000 കോടി രൂപ സമാഹരിച്ച എൽഐസി ഐ.പി.ഒ.യാണ് ഇതുവരെയുള്ള ചരിത്രം.  വലിയ ഐ.പി.ഒ.യ്ക്കാണ് സ്വിഗ്ഗിയും ഒരുങ്ങുന്നത്. ഏകദേശം 10,414 കോടി രൂപ സമാഹരിക്കാനുള്ള ഐപിഒയ്ക്ക് കമ്പനി ഓഹരി ഉടമകളിൽ നിന്ന് അംഗീകാരം നേടിയിട്ടുണ്ട്.

ENGLISH SUMMARY:

​​IPO Market Boom In Upcoming Months With Two Dozen Public Offerings Expecting 30,000 Crore