സ്ഥിര നിക്ഷേപങ്ങൾ ജനപ്രീയ നിക്ഷേപങ്ങളായി തുടരുമ്പോഴും ജനങ്ങളുടെ കൂടുമാറ്റം ബാങ്കുകളെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം 152 ശതമാനം വർധിച്ചപ്പോൾ ബാങ്കുകളിലുള്ള സ്ഥിര നിക്ഷേപത്തിന് 70 ശതമാനം മാത്രമാണ് വർധനവ്. പൊതുവിലുള്ള നിക്ഷേപ രീതി മാറിയതോടെ ബാങ്കുകൾ നിലവിൽ പണ പ്രതിസന്ധി നേരിടുകയാണ്.  ഇക്വിറ്റി മാർക്കറ്റുകളുടെ മുന്നേറ്റത്തോടെ നിക്ഷേപം മ്യൂച്വൽ ഫണ്ടുകളിലേക്ക് ചേ‌ക്കേറാൻ തുടങ്ങിയതോടെയാണ് ബാങ്കുകളിൽ പണമില്ലാത്ത അവസ്ഥ വന്നത്.

ജൂൺ മാസാവസാനത്തോടെയുള്ള കണക്ക് പ്രകാരം ബാങ്കിൻറെ വായ്പ 14 ശതമാനം ഉയരുമ്പോൾ നിക്ഷേപം 11 ശതമാനം മാത്രമാണ് ഉയരുന്നത്. ഇത് ലിക്വിഡിറ്റി പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നതിനാൽ നിക്ഷേപത്തിലും വായ്പയിലുമുള്ള അന്തരം ഒഴിവാക്കാൻ ബാങ്കുകൾ പുതിയതന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്. അതേസമയം ജൂലൈ മാസത്തിൽ മുൻനിര പൊതുമേഖലാ ബാങ്കുകളടക്കം ഹ്രസ്വകാലത്തേക്ക് പുതിയ സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിച്ചത് ഇതിനോട് ചേർത്ത് വായിക്കാം. പുതിയ ഹ്രസ്വകാല നിക്ഷേപങ്ങൾ നോക്കാം.

മുൻനിര ബാങ്കുകളായ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ പുതിയ സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിച്ചത്. ബിഒബി മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം പ്രകാരം ബാങ്ക് ഓഫ് ബറോഡ 333 ദിവസത്തേക്കും 399 ദിവസത്തേക്കുമുള്ള രണ്ട് നിക്ഷേപങ്ങളാണ് ആരംഭിച്ചത്. 333 ദിവസത്തേക്ക് 7.15 ശതമാനവും 399 ദിവസത്തേക്ക് 7.25 ശതമാനവും പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും. 

എസ്ബിഐ 444 ദിവസ കാലാവധിയുള്ള അമൃത് വൃഷ്ടി നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. 7.25 ശതമാനമാണ് പലിശ നിരക്ക്. 60 വയസിന് മുകളിൽ പ്രായമുള്ള നിക്ഷേപകർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. ജൂലായ് 15 ന് ആരംഭിച്ച നിക്ഷേപം 2025 മാർച്ച് 31 വരെ തുടരും. 1 ലക്ഷം നിക്ഷേപിച്ചാൽ കാലാവധിയിൽ ഏകദേശം 1,09,133 രൂപ ലഭിക്കും.  ബാങ്ക് ഓഫ് മഹാരാഷ്ട്ര മൂന്ന് വ്യത്യസ്ത കാലയളവിലാണ് നിക്ഷേപ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 200 ദിവസത്തേക്ക് 7.10 ശതമാനവും 400 ദിവസത്തേക്ക് 7.15 ശതമാനവും 777 ദിവസത്തേക്ക് 7.25 ശതമാനവും പലിശലഭിക്കും.  മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.

ENGLISH SUMMARY:

Bank Introduce New Fixed Deposits With Higher Interest Rate