കേരളത്തിലെ സ്വർണ വില മാനം മുട്ടെയാണ്. 56,960 രൂപ എന്ന സർവകാല റെക്കോർഡിലാണ് ശനിയാഴ്ച സ്വർണ വില ക്ലോസ് ചെയ്തത്. വില ഉയർന്നിരിക്കുമ്പോൾ ആഭരണമായി സ്വർണം വാങ്ങുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് ചെലവേറിയ കാര്യമാണ്.
ഈ വിലയിൽ തന്നെ പവൻ ആഭരണം വാങ്ങാൻ 61,000 രൂപയ്ക്ക് മുകളിൽ നൽകണം. അതേസമയം, നിലവിലെ സാഹചര്യത്തിൽ സ്വർണ വില പവന് 60,000 രൂപയ്ക്ക് മുകളിലെത്തുമെന്നും പ്രവചനമുണ്ട്. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങാൻ ചെലവ് കുറഞ്ഞ വഴികൾ എന്തെല്ലാമെന്ന് അറിയാം.
പവന് 60,000 ഭേദിക്കും
വിവിധ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറച്ചതും ഇടിഎഫിലേക്കുള്ള ശക്തമായ നിക്ഷേപവും കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകളും കണക്കാക്കുമ്പോൾ സ്വർണ വില 2025-ൻ്റെ തുടക്കത്തിൽ ഓൺസിന് 2,900 ഡോളറിലേക്ക് ഉയരാമെന്നാണ് അമേരിക്കൻ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്സിന്റെ വിലയിരുത്തൽ.
Also Read: വരുന്നത് രണ്ട് ഐപിഒ, ആറു ലിസ്റ്റിങ്; വിപണിയിലെ ചോരപ്പുഴ ലിസ്റ്റിങ് നേട്ടത്തെ ചോർത്തുമോ?
അതായത് കേരളത്തിൽ ഗ്രാമിന് 7,700 ഗ്രാമിന് മുകളിലെത്താം. ഇതുപ്രകാരം പവന് വില 61,000 രൂപയ്ക്ക് മുകളിലാണ്. നിലവിൽ 2,685.42 ഡോളറാണ് രാജ്യാന്തര വിപണിയിലെ സ്വർണ വിലയുടെ ഏറ്റവും ഉയർന്ന വില. അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതും മധ്യേഷ്യയിലെ സംഘർഷവും വില വർധനവിന് കാരണമായി.
സോവറിൻ ഗോൾഡ് ബോണ്ട്
നിക്ഷേപിക്കാനായി സ്വർണം വാങ്ങാൻ ഉദ്യേശിക്കുന്നവർക്ക് കേന്ദ്ര സർക്കാറിന്റെ നിക്ഷേപമാർഗമായ സോവറിൻ ഗോൾഡ് ബോണ്ടുകൾ തിരഞ്ഞെടുക്കാം. സ്വർണത്തിന്റെ വില ട്രാക്ക് ചെയ്യുന്ന നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്. ഒരു ഗ്രാം സ്വർണത്തിന് ഒരു ബോണ്ട് എന്ന രീതിയിലാണ് സബ്സ്ക്രിപ്ഷൻ.
Also Read: ഇന്ത്യയിൽ നിന്ന് പണം ചൈനീസ് ഓഹരി വിപണിയിലേക്ക്; രക്ഷിക്കാൻ 2 ലക്ഷം കോടി! പണം വരുന്ന വഴി
സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചയിലെ അവസാന മൂന്ന് ട്രേഡിങ് ദിനങ്ങളിലെ സ്വർണവിലയുടെ ശരാശരി കണക്കാക്കിയാണ് ബോണ്ട് വില നിശ്ചയിക്കുക. ഒരു വ്യക്തിക്ക് ഒരു സാമ്പത്തികവർഷം നാല് കിലോ സ്വർണത്തിനുള്ള ബോണ്ട് വാങ്ങാം. വർഷത്തിൽ ഒന്നോ രണ്ടോ തവണ നിക്ഷേപിക്കാൻ അവസരം ലഭിക്കും. അതോടൊപ്പം ഓഹരി വിപണിയിൽ നിന്നും സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാം.
ഡിജിറ്റൽ ഡോൾഡ്
ഡിജിറ്റൽ ചാനൽ വഴി സ്വർണത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ഡിജിറ്റൽ ഗോൾഡ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി യൂണിറ്റുകളായി ഡിജിറ്റൽ ഗോൾഡ് വാങ്ങാനാകും. വിവിധ പേയ്മെന്റ് ആപ്പുകൾ ഒരു രൂപ മുതൽ സ്വർണം വാങ്ങാൻ അവസരം നൽകുന്നുണ്ട്.
സ്വർണ നാണയങ്ങൾ
ഭൗതിക സ്വർണമായി നിക്ഷേപിക്കാൻ സ്വർണ നാണയങ്ങൾ ഉപയോഗപ്പെടുത്താം. ജുവലറികൾ, ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിങ്ങനെ സ്വർണ നാണയങ്ങൾ വാങ്ങാം. അര ഗ്രാം മുതൽ 50 ഗ്രാം വരെ തൂക്കമുള്ള സ്വർണ നാണയങ്ങൾ വിപണിയിലുണ്ട്.
Also Read: പവന് പൊന്നുംവില; ഇനി എങ്ങനെ ചെറിയ തുകയ്ക്ക് സ്വര്‍ണം വാങ്ങാം?
ഗോൾഡ് ഇടിഎഫ്
ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത, ആഭ്യന്തര സ്വർണ വില ട്രാക്ക് ചെയ്യുന്ന എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടാണ് ഗോൾഡ് ഇടിഎഫ്. ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങാനുള്ള മാർഗമാണിത്. കുറഞ്ഞ തുകയ്ക്ക് വാങ്ങാനുള്ള സൗകര്യം, കുറഞ്ഞ നിക്ഷേപച്ചെലവ്, ട്രേഡ് ചെയ്യാനുള്ള എളുപ്പം എന്നിവ കാരണം ഗോൾഡ് ഇടിഎഫുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന പണം 99.5% പരിശുദ്ധിയുള്ള സ്വർണക്കട്ടികളിലാണ് നിക്ഷേപിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ഓഹരി പോലെ ഇവ ട്രേഡ് ചെയ്യാൻ സാധിക്കും.
ഗോൾഡ് സേവിങ്സ് സ്കീം
ഉപഭോക്താക്കളുടെ എളുപ്പത്തിന് സ്വർണം വാങ്ങാൻ പല ജുവലറികളിലും ഗോൾഡ് സേവിങ്സ് സ്കീം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന കാലയളവിലേക്ക് ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാനാകും. കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച തുകയും ബോണസും ചേർത്ത് അതേ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങാനാകും.