സാധാരണക്കാരന് തൊടാൻ പറ്റാത്ത നിലയിൽ കുതിക്കുകയാണ് സ്വർണ വില. നിലവിൽ പവന്‍റെ വില 58,240 രൂപയിലെത്തി. ഗ്രാമിന് 7,280 രൂപ. ആദ്യമായാണ് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 58,000 രൂപ കടക്കുന്നത്. 57,000 രൂപ മറികടന്ന അതേ മാസം തന്നെ 58,000 രൂപയും മറികടന്നു.
Also Read: ഒരാഴ്ചയ്ക്കിടെ വര്‍ധന 1,280 രൂപ; 58,000 രൂപയും കടന്ന് സ്വര്‍ണക്കുതിപ്പ്
ഈ വില നിലവാരത്തിൽ ഒരു പവൻ ആഭരണമായി വാങ്ങാൻ ചെലവ് 65,000 രൂപയ്ക്ക് മുകളിൽ വരും. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർ സ്വർണത്തില്‍ നിന്ന് നേട്ടമുണ്ടാക്കുകയാണ് എന്നാണ് കണക്ക്.
സ്വർണം വാങ്ങുന്ന രീതി മാറി
പരമ്പരാഗതമായി സ്വർണാഭരണം വാങ്ങി സൂക്ഷിക്കുന്നതിന് പകരം ലാഭമുണ്ടാക്കാം എന്ന ധാരണയിൽ നിക്ഷേപകർ സ്വർണ ഇടിഎഫുകളിലേക്ക് കടന്നു എന്നാണ് കണക്കുകൾ. കലണ്ടർ വർഷത്തിൽ 88 ശതമാനം വർധനവാണ് സ്വർണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപത്തിൽ കണ്ടത്.
2024 ജനുവരിയിൽ 657.46 കോടി രൂപയായിരുന്ന നിക്ഷേപം സെപ്റ്റംബറിൽ 1232.99 കോടി രൂപയായി ഉയർന്നു. അസ്സോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്ക് പ്രകാരം സെപ്തംബർ 30 വരെ ഇന്ത്യൻ ഗോൾഡ് ഇടിഎഫുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 39,824 കോടി രൂപയാണ്.
Also Read: 98% പ്രീമിയം! ഒൻപത് ഐപിഒകളില്‍ ശ്രദ്ധേയം ഇവ; ലിസ്റ്റിങ് നേട്ടം നൽകുന്നത് ആരൊക്കെ
എന്താണ് സ്വർണ ഇടിഎഫ്
99.50 ശതമാനം പരിശുദ്ധിയുള്ള സ്വർണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് സ്വർണ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). ആഭ്യന്തര വിപണിയിലെ സ്വർണ വിലയാണ് ഇവ ട്രാക്ക് ചെയ്യുന്നത്. നിലവിൽ 17 ഗോൾഡ് ഇടിഎഫുകൾ ഇന്ത്യയിലുണ്ട്.
നിപ്പോൺ ഇന്ത്യ ഇടിഎഫ് ഗോൾഡ്, എച്ച്ഡിഎഫ്സി ഗോൾഡ് ഇടിഎഫ്, എസ്ബിഐ ഗോൾഡ് ഇടിഎഫ് എന്നിവയാണ് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തിൽ വലിയ മൂന്ന് ഗോൾഡ് ഇടിഎഫുകൾ.
നിക്ഷേപം ഉയരാൻ കാരണം?
സ്വർണ വില ഉയരുമ്പോൾ നേട്ടമുണ്ടാക്കുന്നത് സ്വർണ ഇടിഎഫുകളാണ്. സ്വർണ വിലയിലെ വർധന, ഇടിഎഫുകളുടെ ശക്തമായ പ്രകടനം, യുദ്ധ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന ആകർഷണം എന്നിവയാണ് സ്വർണ ഇടിഎഫിലേക്ക് നിക്ഷേപത്തെ ആകർഷിക്കുന്നത്. മികച്ച ലിക്വിഡിറ്റിയും ആഭരണങ്ങളെ പോലെ സൂക്ഷിക്കാൻ ബുദ്ധിമുട്ടില്ലാത്തതിനാലും ഇടിഎഫിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്.
നിക്ഷേപകന് നേട്ടം തന്നെ
സ്വർണ ഇടിഎഫുകൾ നിക്ഷേപകർക്ക് സമീപ കാലത്ത് മികച്ച നേട്ടം നൽകിയെന്ന് കാണാം. ഇന്ത്യയിലെ സ്വർണ ഇടിഎഫുകളുടെ ഒരു വർഷത്തെ ശരാശരി വരുമാനം 29.12 ശതമാനമാണ്. മൂന്ന് വർഷത്തിനിടെ 16.93 ശതമാനവും അഞ്ച് വർഷത്തേക്ക് 13.59 ശതമാനവും നേട്ടം ലഭിച്ചു.