മ്യൂച്വല്‍ ഫണ്ടില്‍ തുടര്‍ച്ചയായ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐപി). മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി നിക്ഷേപം നടത്തുന്നവര്‍ ഓട്ടോ ഡെബിറ്റ് സൗകര്യമാണ് ഉപയോഗപ്പെടുത്താറുള്ളത്. ഇതുവഴി എല്ലാ മാസത്തില്‍ നിശ്ചിത തുക അക്കൗണ്ടില്‍ നിന്നും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് മാറ്റും. 

Also Read: ലക്ഷ്യം കോടിപതി; 2,500 രൂപയുടെ പ്രതിമാസ എസ്ഐപി ഒരു കോടിയിലെത്താന്‍ എത്രനാള്‍ കാത്തിരിക്കണം

നിക്ഷേപ തീയതി ഓര്‍ത്ത് പണമടയ്ക്കേണ്ടതിന്‍റെ ബുദ്ധിമുട്ട് എസ്ഐപി പരിഹരിക്കുന്നുണ്ടെങ്കിലും അക്കൗണ്ടില്‍ പണമുണ്ടാകേണ്ടത് ഈ രീതിയില്‍ പ്രധാനമാണ്. തുക ഓട്ടോഡെബിറ്റ് ആകുന്ന ദിവസം അക്കൗണ്ടില്‍ പണമില്ലെങ്കില്‍ നിക്ഷേപകന്‍ പിഴ അടയ്ക്കേണ്ടി വരും. 

സാധാരണയായി ബാങ്ക് അക്കൗണ്ടില്‍ പണമില്ലാത്ത സാഹചര്യത്തിലാണ് എസ്ഐപി മുടങ്ങുന്നത്. എസ്ഐപി മുടങ്ങിയാലും അസറ്റ് മാനേജ്മെന്‍റ് കമ്പനിയോ ബ്രോക്കറോ പിഴയൊന്നും ഈടാക്കില്ല. എന്നു കരുതി സമാധാനിക്കാനും വയ്യ.

ഓരോ തവണ എസ്ഐപി മുടങ്ങുമ്പോഴും ബാങ്ക് 100 മുതല്‍ 750 രൂപ വരെ പിഴ ഈടാക്കും. അതേസമയം തുടര്‍ച്ചയായി മൂന്ന് തവണ എസ്ഐപി മുടങ്ങിയാല്‍ എസ്ഐപി ഓട്ടോമാറ്റിക്കലി റദ്ദാക്കും. അതുവരെ തുടര്‍ന്ന നിക്ഷേപത്തില്‍ നിന്നും റിട്ടേണ്‍ ലഭിക്കുന്നത് തുടരും. 

Also Read: കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; അവസരമാക്കി ഇന്ത്യക്കാര്‍; കയ്യിലുള്ളത് പണമാക്കാന്‍ മത്സരം

അക്കൗണ്ടില്‍ ബാലന്‍സ് കുറവായതിനാല്‍ ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റത്തിന് സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ പാലിക്കാന്‍ സാധിക്കുന്നില്ല. ഇതിനാണ് ബാങ്ക് പിഴ ഈടാക്കുന്നത്.

ഉദാഹരണമായി 500 രൂപയുടെ നാല് എസ്ഐപിയുള്ള നിക്ഷേപകന്‍ ഒരു മാസം എസ്ഐപി മുടക്കിയാല്‍ ഓരോ എസ്ഐപിക്കും പിഴയടക്കം 590 രൂപ (500+18 ശതമാനം ജിഎസ്ടി) അടയ്ക്കണം. നാല് എസ്ഐപിയും ചേര്‍ത്ത് 2,360 രൂപ നല്‍കണം. പിഴ തുക ഓരോ ബാങ്ക് അനുസരിച്ചും വ്യത്യാസപ്പെടാം.  

അക്കൗണ്ടില്‍ പണമില്ലാത്ത അവസരത്തില്‍ എസ്ഐപി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ അനുവദിക്കും. മൂന്ന് മാസം മുതല്‍ ആറു മാസത്തേക്ക് എസ്ഐപി നിര്‍ത്താന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ അനുവദിക്കാറുണ്ട്. 

ENGLISH SUMMARY:

A Systematic Investment Plan (SIP) is a method of making regular, disciplined investments in mutual funds. Investors often use the auto-debit facility, where a fixed amount is automatically deducted from their bank account each month and invested in the mutual fund. While SIP eliminates the need to remember and manually deposit money each month, it’s crucial to ensure sufficient funds in the bank account. If there is insufficient balance on the auto-debit date, the investor may incur a penalty.