പുതിയ വര്‍ഷത്തിലേക്ക് കടന്നു. കൂടെ പുതിയ തീരുമാനങ്ങളും ഒരുപാട് എടുത്തിട്ടുണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്തണം, വിദ്യാഭ്യാസം, വിവാഹം, സൗന്ദര്യസംരക്ഷണം അങ്ങനെ പലതും. പക്ഷെ സാമ്പത്തിക സുരക്ഷിതത്വം മെച്ചപ്പെടുത്തണം എന്ന് നിങ്ങള്‍ ഇനിയും ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ടാകില്ല. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ജീവിതച്ചിലവ് വളരെയധികം വര്‍ധിക്കുന്നതിനാല്‍ വളരെ അത്യാവശ്യമാണ്.
വരവറിയാതെ ചിലവു ചെയ്യുന്നത് മാത്രമല്ല. കയ്യിലുള്ള പണം ഭാവിയിലേക്കായി കരുതിവയ്ക്കുന്നതിലും അതിനാവശ്യമായ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വളരെയേറെ ശ്രദ്ധനല്‍കേണ്ടതുണ്ട്. കൃത്യമായ നിക്ഷേപങ്ങള്‍ നമുക്ക് നല്‍കുന്നത് നല്ല ഭാവിയാണ്.
എന്താണ് ഫിനാൻഷ്യൽ ഇന്റലിജൻസ്
കയ്യിലുള്ള പണം എങ്ങനെ ചിലവാക്കണം എന്ന് നിങ്ങള്‍ക്ക് അറിയാമോ?. കയ്യിലെത്ര പണമുണ്ട് എന്നതിലല്ല. അതെങ്ങനെ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നു. എന്നതിലാണ് ഒരാളുടെ കഴിവ്.ദീർഘകാല സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്ന പെരുമാറ്റങ്ങൾ നമ്മളിൽ പലർക്കുമുണ്ട്. താഴെ പറയുന്നവയിൽ ഏതെങ്കിലും കാര്യങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് പരിശോധിക്കുക. കടത്തിൽ ജീവിക്കുക എന്ന കാര്യം ചിലർക്ക് പുത്തരിയല്ല. കടം എടുത്തു മാത്രമല്ല കടത്തിൽ ജീവിക്കുന്നത്. ആധുനിക കാലത്ത് നമ്മെ കുടുക്കുന്ന പലതുമുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് എന്ന വില്ലന്‍
ക്രെഡിറ്റ് കാർഡ് കടം വരുത്തുന്ന കാര്യം തന്നെയാണ്. ഒരു പ്രാവശ്യം തിരിച്ചടയ്ക്കുന്നത് മുടക്കിയാൽ പലിശ കൂടി വീണ്ടും കടം പെരുകാൻ ഇത് കാരണമാകും.സാമ്പത്തിക സാക്ഷരതസാമ്പത്തിക സാക്ഷരതയുടെ ആദ്യ പടിയാണ് കണക്കുകൾ സൂക്ഷിക്കുക എന്ന കാര്യം. ഒരു മാസത്തെ ചെലവുകളെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടത് സാമ്പത്തിക അച്ചടക്കത്തിലേക്ക് നയിക്കും. ആദ്യം ഒരു മാസത്തേക്ക് ചെലവഴിച്ച ഓരോ രൂപയും എന്തിനു വേണ്ടിയാണ് ചെലവഴിച്ചത് എന്ന് തരംതിരിക്കുക. യഥാർത്ഥ ചെലവ് രീതികൾ മനസിലാക്കാൻ ഇത് സഹായിക്കും. ഇതിനെ അടിസ്ഥാനമാക്കി റിയലിസ്റ്റിക് ബജറ്റ് ഉണ്ടാക്കുക. ഇപ്പോൾ പല സാമ്പത്തിക ആപ്പുകളും ഇത്തരം കാര്യങ്ങളിൽ അച്ചടക്കമുണ്ടോ എന്ന് നോക്കാൻ സഹായിക്കും. ഇത് നല്ല സാമ്പത്തിക ശീലങ്ങൾ നിലനിർത്തുന്നത് എളുപ്പമാക്കുന്നു.വികാരങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക. യുക്തിക്ക് പകരം വികാരങ്ങളാൽ നയിക്കപ്പെടുന്ന സാമ്പത്തിക തീരുമാനങ്ങൾ പലപ്പോഴും മോശം ഫലങ്ങളിലേക്ക് നയിക്കുന്നു. വൈകാരികാവസ്ഥകൾ വാങ്ങൽ സ്വഭാവത്തെ കാര്യമായി സ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ദുഃഖമോ ഉത്കണ്ഠയോ പോലുള്ള നിഷേധാത്മക വികാരങ്ങൾ അനുഭവിക്കുമ്പോൾ വ്യക്തികൾ കൂടുതൽ സാധനങ്ങൾ വാങ്ങാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. വിഷമം മറക്കാൻ ഷോപ്പിങ് ചെയ്യുന്ന ശീലങ്ങൾ പലർക്കുമുണ്ട്.
സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുക
കുറഞ്ഞ സാമ്പത്തിക സാക്ഷരതയുള്ളവർ വേഗത്തിലുള്ള വരുമാനം അല്ലെങ്കിൽ ഗ്യാരണ്ടീഡ് നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകൾക്ക് പ്രത്യേകിച്ചും ഇരയാകാറുണ്ട്. ചിട്ടയായി പണമുണ്ടാക്കുന്നതിനു പകരം ഒറ്റയടിക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന തട്ടിപ്പ് പദ്ധതികളിൽ ഇത്തരക്കാർ വേഗം വീഴും.സമ്മർദം കാരണം ഒരിക്കലും പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്. അവസരം വളരെ നല്ലതാണെന്ന് തോന്നുകയാണെങ്കിൽ, അത് ശരിയാണോ എന്ന് രണ്ടാമതൊന്നു ചിന്തിക്കാൻ തയ്യാറാകണം.അടിയന്തിര കാര്യങ്ങൾക്ക് പണം സൂക്ഷിക്കാതിരിക്കുക.പെട്ടെന്ന് ജോലി പോകുകയോ, കുടുംബാംഗങ്ങൾക്ക് അസുഖം പോലുള്ള എന്തെങ്കിലും പ്രശ്നമോ ഉണ്ടായാൽ എടുക്കാൻ തരത്തിൽ എമർജൻസി ഫണ്ട് കരുതാറുണ്ടോ? കുറഞ്ഞത് 3 മാസത്തെ ശമ്പളമെങ്കിലും ഇത്തരത്തിൽ സൂക്ഷിച്ചാൽ പെട്ടെന്നുള്ള ആവശ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം.
ഭാവിയെക്കുറിച്ച് ഓര്‍ക്കാറുണ്ടോ?
ഇല്ല .ഭാവിയെ കുറിച്ച് ആലോചിക്കാറില്ല.ഇപ്പോ നന്നായി ജീവിക്കണം. എന്നായിരിക്കും പലരുടേയും ഉത്തരം. ഇപ്പോഴത്തെ സംതൃപ്തി അതിനായിരിക്കും മുന്‍ഗണന. ദീർഘകാല നേട്ടങ്ങളെക്കാൾ ഉടനടിയുള്ള സംതൃപ്തിക്ക് മുൻഗണന കൊടുക്കുന്നവർക്ക് സമ്പത്ത് വളർത്താൻ ബുദ്ധിമുട്ടായിരിക്കും. വിദേശത്ത് നടത്തിയിരിക്കുന്ന പല പരീക്ഷണങ്ങളിലും ഈ കാര്യം തെളിഞ്ഞിട്ടുള്ളതാണ്. മാതാപിതാക്കൾ ഇപ്പോഴുള്ള കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകി പണം ചെലവഴിക്കുന്നത് കാണുമ്പോൾ കുട്ടികളിലും അതുപോലെയുള്ള താല്പര്യങ്ങൾ വളരും. അതുകൊണ്ടാണ് മിക്ക സാമ്പത്തിക പ്രശ്നങ്ങളും പെരുമാറ്റം കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് പറയുന്നത്.വിദ്യാഭ്യാസം, പരിശീലനം, ശ്രദ്ധാപൂർവമായ തീരുമാനങ്ങൾ എന്നിവയിലൂടെയാണ് സാമ്പത്തിക ബുദ്ധി വികസിക്കുന്നത്. എന്നാൽ സാമ്പത്തിക അച്ചടക്കമില്ലാത്ത സ്വഭാവം ഉണ്ടെന്നു തിരിച്ചറിയുന്നിടത്താണ് സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്താനും സാമ്പത്തിക ബുദ്ധി കൂട്ടാനും സാധിക്കുകയുള്ളൂ.അതുകൊണ്ടു പണം ചോരുന്ന രീതിയിൽ പെരുമാറ്റം ഉണ്ടെങ്കിൽ അത് ബോധപൂർവം മാറ്റിയെടുക്കാൻ ശ്രമിക്കാം. ഹ്രസ്വകാല ,ദീര്‍ഘകാല നിക്ഷേപ പദ്ധതികളെ പറ്റി പഠിക്കുക. കൃത്യമായ ധാരണയോടെ വരുമാനത്തിനും നീക്കിയിരിപ്പിനും അനുസരിച്ച് പണം നിക്ഷേപിക്കുക. ആവശ്യമായ നിര്‍ദേശങ്ങള്‍ക്കായി ഒരു സാമ്പത്തിക വിദഗ്ദന്‍റെ സഹായം തേടാവുന്നതാണ്. വ്യക്തമായ പ്ലാനിങ്ങോടെ മുന്നോട്ട് പോയാല്‍ ശാശ്യതമയ ഒരു ഭാവി ഉറപ്പിക്കാനാവും.