ചെറിയ വരുമാനക്കാര്‍ക്കും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള സൗകര്യപൂര്‍വമായ മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ അഥവാ എസ്ഐപി. അച്ചടക്കത്തോടെ കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്താമെന്നതാണ് എസ്ഐപി രീതിയുടെ പ്രത്യേകത. എസ്ഐപി നിക്ഷേപ രീതിയിലൂടെ മ്യൂച്വല്‍ ഫണ്ട് വഴി എങ്ങനെ ഒരു കോടി രൂപ സമ്പാദിക്കാം എന്ന് നോക്കാം.
നിക്ഷേപിക്കുന്ന തുക, നിക്ഷേപ കാലയളവ്, നിക്ഷേപത്തിന് പ്രതീക്ഷിക്കുന്ന റിട്ടേണ്‍ എന്നിവ അടിസ്ഥാനമാക്കി മാത്രമെ മ്യൂച്വല്‍ ഫണ്ടിലൂടെ എത്രവേഗത്തില്‍ കോടിപതിയാന്‍ സാധിക്കൂ എന്ന് അനുമാനിക്കാനാകൂ.
നിക്ഷേപം എത്ര കാലം നീളുന്നുവോ കോമ്പൗണ്ടിങിന്‍റെ പ്രയോജനത്തോടെ അത്രയും വളര്‍ച്ച നിക്ഷേപത്തിന് ലഭിക്കും. സാധാരണയായ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ 12-15 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കാറുണ്ട്. 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ എത്ര വേഗത്തില്‍ നിക്ഷേപം വളരുമെന്ന് നോക്കാം.
മാസം 5000 രൂപ നിക്ഷേപിക്കുകയും വര്‍ഷത്തില്‍ 10 ശതമാനം നിക്ഷേപ തുക വര്‍ധിപ്പിക്കകയും (SIP Setp up) ചെയ്താല്‍ 21 വര്‍ഷം കൊണ്ട് ഒരു കോടി രൂപ നേടാനാകും. 12 ശതമാനം റിട്ടേണ്‍ ലഭിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 1,16,36,425 രൂപയാകും. 38.40 ലക്ഷത്തിന്‍റെ നിക്ഷേപത്തിന് 77,96,275 രൂപ റിട്ടേണായി ലഭിക്കും.
ഇതേ രീതിയില്‍ മാസം 10,000 രൂപ 16 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 1.03 കോടി രൂപ സമ്പാദിക്കാം. 43.13 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 60.06 ലക്ഷം രൂപയാണ് റിട്ടേണ്‍ ലഭിക്കുക.
ഉദാഹരണമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ടിന്‍റെ പ്രകടനം വിലയിരുത്താം. 16 വര്‍ഷം പൂര്‍ത്തിയായ ഫണ്ടില്‍ ആരംഭം തൊട്ട് മാസം 12,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത്തെ മൂല്യം 1 കോടി രൂപയ്ക്ക് മുകളിലാകുമായിരുന്നു. 15.92 ശതമാനമാണ് ഫണ്ടിന്‍റെ ആന്യുവലൈസ്ഡ് റിട്ടേണ്‍. 23.64 ലക്ഷം രൂപയുടെ നിക്ഷേപമാണ് 16 വര്‍ഷം കൊണ്ട് 1.05 കോടി രൂപയിലേക്ക് എത്തുന്നത്.
(Disclaimer: ഈ ലേഖനം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടക്കാനുള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി അധിഷ്ഠിത നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)