വൈറ്റ് ഹൗസിലേക്ക് വീണ്ടുമെത്തുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശതകോടീശ്വനായ ട്രംപ് വർഷം 1 ഡോളർ മാത്രം ശമ്പളം പറ്റിയാണ് കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നത്. ഇത്തവണയും അതേ രീതി തന്നെ തുടരുമോയെന്ന് കാത്തിരുന്നു കാണാം. കഴിഞ്ഞ 20 വർഷത്തിലേറെയായി അമേരിക്കൻ പ്രസിഡന്റുമാരുടെ ശമ്പളം മാറ്റമില്ലാതെ തുടരുന്നതിനാൽ, ഡോണൾഡ് ട്രംപിന് പ്രതിവർഷം 400,000 ഡോളർ ലഭിക്കും. എന്നാൽ ഈ തുക അമേരിക്കയിൽ ലഭിക്കുന്ന ഏറ്റവും വലിയ ശമ്പളം അല്ല. സ്വകാര്യമേഖലയിലെ സിഇഒമാർ ഇതിൽ കൂടുതൽ ശമ്പളം ഒരു വർഷം നേടുന്നുണ്ടെന്നാണ് കണക്ക് .
നികുതി ഇല്ലാതെ 50,000 ഡോളർ ചെലവാക്കാന്‍ കഴിയും, 100,000 ഡോളറാണ് യാത്രാ ബജറ്റ്, ഔദ്യോഗിക വിനോദത്തിനായി 19,000 ഡോളർ എന്നിവ ഉൾപ്പടെ ചില അധിക ആനുകൂല്യങ്ങളും അമേരിക്കൻ പ്രസിഡന്റിന് ലഭിക്കും. താമസിക്കാൻ എല്ലാ സൗകര്യങ്ങളോടും കൂടിയ വൈറ്റ് ഹൗസും അദ്ദേഹത്തിന് ലഭിക്കും.1969 ൽ അമേരിക്കൻ പ്രസിഡന്റിന്റെ ശമ്പളം 200,000 ഡോളർ ആയിരുന്നു. 2001-ലാണ് അത് ഇരട്ടിയാക്കിയത്.പ്രസിഡന്റുമാർ വിരമിച്ചാലും അവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്താണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ്. ഫലം നിർണയിക്കുന്നതിൽ പ്രധാനമെന്നു വിലയിരുത്തപ്പെട്ട 7 സംസ്ഥാനങ്ങളിൽ ഒന്നുപോലും വിട്ടുകൊടുക്കാതെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ മുന്നേറ്റം. 2016– 2020 കാലത്തു പ്രസിഡന്റായിരുന്ന ട്രംപ് 78–ാം വയസ്സിലാണു വൈറ്റ്ഹൗസിലേക്കു തിരികെയെത്തുന്നത് യുഎസിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്. യുഎസിന്റെ 47–ാം പ്രസിഡന്റായി ജനുവരിയിലാകും സ്ഥാനമേൽക്കുക. പുതിയ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ഉഷ ചിലുകുറി ആന്ധ്രക്കാരിയാണ്.
ഇഞ്ചോടിഞ്ചു പോരാട്ടമെന്ന സർവേ ഫലങ്ങളെ അപ്രസക്തമാക്കിയാണു ട്രംപിന്റെ വിജയം. 2016 ൽ പ്രസിഡന്റായെങ്കിലും ജനകീയ വോട്ടുകളുടെ എണ്ണത്തിൽ പിന്നിൽ പോയിരുന്ന ട്രംപ് ഇത്തവണ ആ കുറവും പരിഹരിച്ചു.തിരഞ്ഞെടുപ്പ് അട്ടിമറി ഉൾപ്പെടെയുള്ള കേസുകളിലായി 2 തവണ കുറ്റവിചാരണയും സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതികൂല വിധികളും നേരിട്ടാണ് ട്രംപിന്റെ തിരിച്ചുവരവ്.