യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ആയ ലുലു റീറ്റെയില്‍ ഐപിഒ അബുദാബി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഓഹരിക്ക് നിശ്ചയിച്ചിരുന്ന പ്രൈസ് ബാന്‍ഡായിരുന്ന 2.04 ദിര്‍ഹത്തില്‍ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ തുടക്കത്തില്‍ 1.47 ശതമാനം ഇടിവില്‍ 2.01 ദിര്‍ഹത്തിലേക്ക് (46.20 രൂപ) ഓഹരി വീണിരുന്നു.
ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നുള്ള കണക്ക് പ്രകാരം 0.98 ശതമാനം ഇടിവില്‍ 2.020 ദിര്‍ഹത്തിലാണ് (46.43രൂപ) ഓഹരി വ്യാപാരം ചെയ്യുന്നത്. നിക്ഷേപരില്‍ നിന്നും താല്‍പര്യം ഉയരുമെന്നും വില ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. ആദ്യ 20 മിനിറ്റിനുള്ളില്‍ 4 കോടി ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അബുദാബി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന നൂറാമത്തെ കമ്പനിയാണ് ലുലു റീറ്റെയില്‍.
ലുലു റീറ്റെയിലിന്‍റെ പബ്ലിക്ക് ഓഹരികളില്‍ 76.91 ശതമാനം ഓഹരിയും വിദേശ നിക്ഷേപകരുടെ കയ്യിലാണ്. ജിസിസി രാജ്യങ്ങളിലെ നിക്ഷേപകര്‍ക്ക് 12.82 ശതമാനം നിക്ഷേപവും യുഎഇ പൗരന്മാര്‍ക്ക് 9.86 ശതമാന നിക്ഷേപവും ലുലു ഓഹരിയിലുണ്ട്. മറ്റു അറബ് രാജ്യങ്ങളിലെ നിക്ഷേപകര്‍ 0.41 ശതമാനമാണ്.
വമ്പന്‍ നിക്ഷേപ താല്‍പര്യമാണ് ലുലു റീറ്റെയില്‍ ഐപിഒയ്ക്കുണ്ടായത്. 14,500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഐപിഒയ്ക്ക് എത്തിയത് 3 ലക്ഷം കോടി രൂപയുടെ ഓഹരികൾക്കുള്ള അപേക്ഷകളാണ്. 2.04 ദിർഹം പ്രകാരം ലുലു റീറ്റെയിലിന്റെ വിപണി മൂല്യം 21.1 മില്യൺ ദിർഹമാകും (47,475 കോടി രൂപ). 309.86 കോടി ഓഹരികളാണ് കമ്പനി വിൽപ്പന നടത്തിയത്.
ലുലു റീറ്റെയില്‍ ഐപിഒ കാലത്ത് 50,000 പേരാണ് എഡിഎക്സില്‍ നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ സ്വന്തമാക്കിയതെന്നാണ് കണക്ക്. 2023 ല്‍ ആകെ 50,000 നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ അനുവദിച്ചിടത്താണിത്. 3 ലക്ഷം കോടി രൂപയുടെ (37 ബില്യൺ ഡോളർ) ഡിമാന്‍റാണുണ്ടായതോടെ 10 വർഷത്തിനിടെ ഒരു സർക്കാർ ഇതര കമ്പനിക്ക് ലഭിക്കുന്ന ഉയർന്ന ഡിമാന്‍റ് എന്ന റെക്കോർഡും ലുലു റീട്ടെയിൽ ഐപിഒ സ്വന്തമാക്കി. 82,000 റീട്ടെയിൽ നിക്ഷേപകരുടെ അപേക്ഷകളെത്തിയത് യുഎഇയിലെ കഴിഞ്ഞ 10 വർഷത്തെ ഐപിഒ സംഖ്യകളിലെ റെക്കോർഡാണ്.