ജീവനക്കാരെ ചേര്‍ത്തുപിടിക്കുകയും അവരെ തന്‍റെ സ്വന്തമായി തന്നെ കണക്കാക്കുകയും ചെയ്യുന്ന ബിസിനസുകാരന്‍. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയെ ആളുകള്‍ നെഞ്ചോടു ചേര്‍ക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. എല്ലാവരോടും സ്നേഹത്തോടെയും കാരുണ്യത്തോടെയും മനുഷ്യത്വത്തോടെയുമുള്ള പെരുമാറ്റം. കൂടെയുള്ളവരുടെ സന്തോഷത്തില്‍ മാത്രമല്ല ദുഃഖത്തിലും ഒരുപോലെ പങ്കാളിയാകാനും അദ്ദേഹം ശ്രമിക്കാറുണ്ട്.
അത്തരത്തിലൊരു വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ്. തന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരാളുടെ മരണാനന്തര ചടങ്ങുകളില്‍ അദ്ദേഹം സജീവസാന്നിധ്യമായി. മയ്യിത്ത് നിസ്കാരം മുതല്‍ മയ്യിത്ത് ചുമലിലേറ്റി കൊണ്ടുപോകാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
‘ഹൃദയാഘാതം മൂലം അന്തരിച്ച അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്കാരം. അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ’ എന്ന കുറിപ്പിനൊപ്പം യൂസഫ് അലിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ലുലു ഹൈപ്പർ മാർക്കറ്റിലെ സൂപ്പർവൈസര്‍ ഷിഹാബുദ്ധീന്റെ സംസ്കാരച്ചടങ്ങുകളിലാണ് യൂസഫ് അലി എത്തിയത്. തിരൂർ കന്മനം സ്വദേശിയാണ് 46കാരനായ സി.വി. ഷിഹാബുദ്ദീന്‍. ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.