Image∙ Shutterstock - 1

മോഷണമായിരുന്നു ലക്ഷ്യം. ഇരുട്ടിന്റെ മറവില്‍ വീട്ടില്‍ കയറിയപ്പോള്‍ കണ്ടത് ദമ്പതിമാരുടെ കിടപ്പറരംഗം. ഒളിച്ചിരുന്നത് പകര്‍ത്തി പുറത്തിറങ്ങി. പിന്നെ ആ ദൃശ്യങ്ങള്‍ വച്ച്  ബ്ലാക്ക് മെയിലിന് ശ്രമം. എന്തായാലും കള്ളന്‍ വിനയ്കുമാര്‍ സാഹു ഒടുവില്‍ ഛത്തീസ്ഗഡ് പൊലീസിന്റെ പിടിയിലായി. 

ദമ്പതിമാരുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി തിരികെ താമസസ്ഥലത്തെത്തിയ വിനയ്കമാര്‍ പിന്നെ തേടിയത് ബ്ലാക്ക്മെയിലിങ്ങിനുള്ള വഴിയാണ്. ആദ്യം ദമ്പതികളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു. തുടര്‍ന്ന് സ്വകാര്യ ദൃശ്യങ്ങൾ അവര്‍ക്ക് അയച്ചുകൊടുത്തു. സമൂഹമാധ്യമങ്ങൾ വഴി ഈ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ തരണം എന്നായിരുന്നു വിനയ് കുമാറിന്റെ ആവശ്യം. ആദ്യം ഒന്നു അമ്പരന്നെങ്കിലും ഭീഷണിക്ക് വഴങ്ങാതെ ദമ്പതികൾ പൊലീസില്‍ വിവരം അറിയിച്ചു. വാട്സ്ആപ്പിൽ അയച്ച ഭീഷണിസന്ദേശവും ഫോണ്‍നമ്പറും കൈമാറി. ഒപ്പം രേഖാമൂലം പരാതിയും നല്‍കി.

ക്രൈംബ്രാഞ്ച് ഡിസിപി പ്രകാശ് നായിക് അപ്പോള്‍ തന്നെ കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. യുവാവ് വീഡിയോ ചിത്രീകരിച്ചതും ദമ്പതികൾക്ക് മെസേജ് അയച്ചതുമെല്ലാം മോഷ്ടിച്ച ഫോണിൽ നിന്നായിരുന്നു. ഈ ഫോണ്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്ന പൊലീസ് സംഘംപ്രതിയെ പിടികൂടി. 

വിഡിയോ ചിത്രീകരിച്ച അതേ ഫോണും സിം കാർഡും തന്നെയാണ് പ്രതി പിടിയിലാകുന്ന സമയത്തും ഉപയോഗിച്ചിരുന്നത്. മോഷ്ടിക്കാനായാണ് വെള്ളിയാഴ്ച രാത്രി ഇവരുടെ വീട്ടിൽ കയറിയതെന്നും അവിടെ വെച്ചാണ് സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിച്ചതെന്നും പ്രതി സമ്മതിച്ചു. ഇതിനുമുൻപും ഇതേ വീട്ടിൽ രണ്ട് തവണ മോഷണത്തിനായി ഇവൻ കയറിയിട്ടുണ്ടെന്നും പൊലീസിനോട് ഏറ്റുപറഞ്ഞു. ഒട്ടേറെ മല്‍സരപരീക്ഷകളെഴുതിയെങ്കിലും സര്‍ക്കാര്‍ ജോലി ലഭിക്കാതെ വന്നതോടെയാണ്  വിനയ് കുമാർ മോഷണം തൊഴിലാക്കിയതെന്ന്  പൊലീസ് പറഞ്ഞു.