cyber-crime-rescue
  • റിക്രൂട്ട് ചെയ്യുന്നത് കോള്‍ സെന്‍ററുകളിലേക്ക്
  • മലയാളികളടക്കം തട്ടിപ്പുസംഘത്തില്‍പ്പെട്ടു
  • രക്ഷപെടുത്തിയവരെ വൈകാതെ നാട്ടിലെത്തിക്കും

കംബോഡിയ കേന്ദ്രമാക്കി വന്‍ സൈബര്‍ തട്ടിപ്പ് സംഘം വിലസുന്നതായി റിപ്പോര്‍ട്ട്. സംഘത്തിന്‍റെ വലയില്‍ കുടുങ്ങിയ 14 ഇന്ത്യക്കാരെ രക്ഷപെടുത്തി. നോംപെനിലെ ഇന്ത്യന്‍ എംബസി നല്‍കിയ നിര്‍ണായക വിവരങ്ങളാണ് വഴിത്തിരിലായത്. കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ടാണ് 14 പേരും എത്തിയതെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കംബോഡിയന്‍ പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ മോചിപ്പിക്കാനായത്. കംബോഡിയിലെ സാമൂഹ്യക്ഷേമ വകുപ്പിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ അടുക്കലേക്ക് ഇവരെ മാറ്റിയെന്നും എംബസി വ്യക്തമാക്കി. 

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്നും കംബോഡിയയിലെത്തിച്ച ശേഷം ഇവരെ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തുകയായിരുന്നു തട്ടിപ്പുകാരുടെ രീതി. 650ലേറെപ്പേരാണ് ഈ തട്ടിപ്പുവലയില്‍ കുടുങ്ങിയത്. കംബോഡിയയിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിവരികയാണെന്നും  രക്ഷപെടുത്തിയവരെ എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും എംബസി അറിയിച്ചു. 

കംബോഡിയയിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും  കംബോഡിയയില്‍ നിന്ന് വരുന്ന ജോലി വാഗ്ദാനങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തി, വ്യാജനല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മറ്റിടപാടുകളിലേക്ക് കടക്കാവൂ എന്നും എംബസി മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടനടി എംബസിയെ വിവരമറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

തട്ടിപ്പുകാരുടെ സംഘത്തില്‍ മലയാളികളടക്കം കുടുങ്ങിയതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. പ്രാദേശിക ഭാഷകള്‍ നന്നായി അറിയാവുന്നവരെ ഉപയോഗിച്ച് കൂടുതല്‍ പണം തട്ടുകയായിരുന്നു തട്ടിപ്പുകാരുടെ രീതിയെന്നും ഇതിനായി വിദേശത്ത് കോള്‍സെന്‍റര്‍ മാതൃകയിലാണ് ഇവ പ്രവര്‍ത്തിച്ച് വന്നതെന്നും എംബസി കണ്ടെത്തിയിരുന്നു.  കോഴിക്കോട് നഗരപരിധിയില്‍ മാത്രം ഇത്തരത്തിലുള്ള 61 സൈബര്‍ തട്ടിപ്പ് പരാതികള്‍ ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്തിരുന്നു. 

ENGLISH SUMMARY:

Indian Embassy in collaboration with Cambodian authorities have got 14 Indian citizens trapped in cybercrime scam released.