കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന് നാലുകോടി രൂപ തട്ടിയെടുത്തു. രാജസ്ഥാനിലെ ദുര്‍ഗാപൂര്‍ സ്വദേശിയായ അമിതാണ് തട്ടിപ്പ് നടത്തിയത്. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒരേ സമുദായത്തില്‍ പെടുന്നവരാണ് തങ്ങള്‍ എന്നുപറഞ്ഞാണ് അമിത് ഡോക്ടറിനെ ഫോണിലൂടെ ബന്ധപ്പെടുന്നത്. കോവിഡിന് ശേഷം ജോലി നഷ്ടമായി ഭാര്യ ആശുപത്രിയിലായതിനാല്‍ ചികിത്സയ്ക്കായി നിശ്ചിത തുക വേണമെന്നായിരുന്നു ആദ്യ ആവശ്യം. സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ള ഡോക്ടര്‍ സഹായം നല്‍കി. പിന്നീട് കുടുംബത്തിലെ ചെലവുകള്‍, കടങ്ങള്‍, ഭൂസ്വത്തുക്കള്‍ സംബന്ധിച്ച പൊലീസ് കേസുകള്‍ എന്നിങ്ങനെ പറഞ്ഞ് ജനുവരി മുതല്‍ ആഗസ്റ്റ് വരെ പല തവണ പണം വാങ്ങി.
പണത്തിന് വേണ്ടി ഇടക്ക് ആത്മഹത്യ ഭീഷണിയും മുഴക്കുമായിരുന്നു. അമിത് നല്‍കിയ ക്യു ആര്‍ കോഡിലൂടെയാണ് ഡോക്ടര്‍ നിരവധി തവണ പണം കൈമാറിയത്. അങ്ങനെയിരിക്കെ അമിതിന് പണം നല്‍കാനായി ഡോക്ടര്‍ സ്വര്‍ണം പണയം വച്ച വിവരം മകന്‍ അറിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പോയ വഴി അറിയുന്നത്. പിന്നാലെ കുടുംബം സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോഴിക്കോട് സൈബര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.