TOPICS COVERED

 വെർച്വൽ അറസ്റ്റിലായെന്നു ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാലക്കാട് ഒറ്റപ്പാലത്തു നിന്നു തട്ടിയെടുത്തത് 40 ലക്ഷത്തിലധികം രൂപ. ഡോക്ടർമാരും വ്യവസായിയും ഉൾപ്പെടെ മൂന്നു പേരാണ് തട്ടിപ്പിന് ഇരയായത്. 

നഗരത്തിലെ ഒരു ഡോക്ടറിൽ നിന്ന് 6 ലക്ഷം രൂപയും മറ്റൊരു ഡോക്ടറിൽ നിന്ന് 3 ലക്ഷവുമാണു തട്ടിയത്. വ്യവസായിയെ കബളിപ്പിച്ചു കൈക്കലാക്കിയത് 29.70 ലക്ഷം രൂപ. വീഡിയോ കോളിലൂടെ വെർച്വൽ അറസ്റ്റിലായെന്ന നിലയിൽ തട്ടിപ്പു സംഘം കബളിപ്പിക്കാൻ ശ്രമിച്ചതു തിരിച്ചറിഞ്ഞു പൊലീസ് സ്റ്റേഷനിലെത്തിയതിന്‍റെ പേരിൽ പണം നഷ്ടമാകാതെ രക്ഷപ്പെട്ടതു നാലുപേർ. പണം നഷ്ടപ്പെട്ടതും അല്ലാത്തവരും ഉൾപ്പെടെ ഏഴുപേർക്കും ഒരാഴ്ചയ്ക്കിടെയാണ് ഓൺലൈൻ തട്ടിപ്പു സംഘം വലവിരിച്ചത്. 

ഇല്ലാത്ത പാഴ്സലിന്‍റെ പേരിൽ. പ്രമുഖ കുറിയർ കമ്പനിയിൽ നിന്നെന്നു വിശ്വസിപ്പിച്ചെത്തുന്ന വീഡിയോ കോളിലൂടെയാണു തട്ടിപ്പ്. ഇരയാക്കപ്പെടുന്ന വ്യക്തിയുടെ വിലാസത്തിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകളോ വ്യാജ രേഖകളോ കുറിയർ ആയി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തെറ്റിധരിപ്പിച്ചാണ് ഫോൺ കോൾ തുടങ്ങുന്നത്. ഫോൺ കസ്റ്റംസ്, പൊലീസ്, സൈബർ സെൽ പോലുള്ള അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കു കൈമാറുന്നുവെന്നു വിശ്വസിപ്പിച്ച് മറ്റൊരാൾ  സംഭാഷണം തുടങ്ങുന്നതാണു രണ്ടാം ഘട്ടം. യൂണിഫോം ധരിച്ച്  ഉദ്യോഗസ്ഥൻ ചമഞ്ഞെത്തുന്നയാളാണ് താങ്കൾ വെർച്വൽ അറസ്റ്റിലാണെന്ന നിലയിൽ ഇരയെ തെറ്റിധരിപ്പിക്കുന്നത്. കോൾ കട്ട് ചെയ്യരുതെന്നും നിർദേശം ലംഘിച്ചാൽ നിയമക്കുരുക്കിൽപ്പെടുമെന്നുമാണു ഭീഷണി. ഇതേ തന്ത്രം പ്രയോഗിച്ചാണ് ഒറ്റപ്പാലത്തും തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്.

ENGLISH SUMMARY:

Threat of virtual arrest; Over 40 lakhs stolen by online fraud gangs in a week