മധ്യപ്രദേശിലെ ഖജുരാഹോയിൽ ക്യുആര്‍ കോഡ് തട്ടിപ്പു സംഘത്തിന്റെ വിളയാട്ടം. രാവിലെ കട തുറന്നവര്‍ക്ക് ഉപയോക്താക്കള്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് അയച്ച പണത്തില്‍ ഒരു രൂപ പോലും തങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തിയില്ല. ഒടുവില്‍ അന്വേഷിച്ചിറങ്ങിയ വ്യവസായികള്‍ സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന തട്ടിപ്പിന്‍റെ ദൃശ്യങ്ങള്‍.
ഒറ്റരാത്രികൊണ്ട് ഒരു കൂട്ടം തട്ടിപ്പുകാർ കടകളിലെ ഓൺലൈൻ പേയ്‌മെന്‍റെ സ്‌കാനറുകൾ മാറ്റിവയ്ക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. വ്യാപാരികളുടെ ക്യുആര്‍ കോഡുകള്‍ മാറ്റി തട്ടിപ്പുകാര്‍ അവരുടെ ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ചു. അര ഡസനോളം സ്ഥാപനങ്ങളെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഇതോടെ പിറ്റേന്ന് രാവിലെ മുതല്‍ കടയിലെത്തുന്നവര്‍ സ്കാന്‍ ചെയ്ത് അയച്ച പണമെല്ലാം എത്തിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക്. തട്ടിപ്പു സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്തെ പെട്രോള്‍ പമ്പിലെ ക്യൂആര്‍ കോഡ് വരെ തട്ടിപ്പു സംഘം മാറ്റി സ്ഥാപിച്ചിരുന്നു.
രാവിലെ ഒരു ഉപഭോക്താവ് കടയില്‍ സ്ഥാപിച്ച ക്യുആർ കോഡ് വഴി പണമടച്ചപ്പോൾ ലിങ്ക് ചെയ്ത അക്കൗണ്ടിന്‍റെ പേര് മാറിയതായി തന്നോട് പറഞ്ഞുവെന്ന് രാജേഷ് മെഡിക്കൽ സ്റ്റോഴ്‌സ് ഉടമ ഓംവതി ഗുപ്ത പറയുന്നു. പെട്രോള്‍ പമ്പിലാകട്ടെ നിരവധി ഉപഭോക്താക്കൾ പണം ട്രാൻസ്ഫർ ചെയ്തെങ്കിലും അത് അക്കൗണ്ടില്‍ എത്തിയില്ല. തങ്ങള്‍ സ്കാനര്‍ പരിശോധിച്ചപ്പോള്‍ പേര് ഛോട്ടു തിവാരി എന്ന് കണ്ടെത്തിയെന്നും ഉടന്‍ സ്കാനര്‍ നീക്കം ചെയ്തെന്നും പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പറഞ്ഞു. അതേസമയം കേസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കിലും ആരും ഇതുവരെയും പരാതി നല്‍കിയിട്ടില്ലെന്ന് ഖജുരാഹോ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അതുൽ ദീക്ഷിത് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും തട്ടിപ്പുകാരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.