kottayam-crime-photos-send-to-father

TOPICS COVERED

പ്രണയിച്ച പെൺകുട്ടി വിദേശത്ത് പഠിക്കാൻ പോയതിന്‍റെ വൈരാഗ്യം തീർക്കാൻ, ഒപ്പമുണ്ടായിരുന്നപ്പോൾ പകർത്തിയ സ്വകാര്യ വിഡിയോയും ചിത്രങ്ങളും പെൺകുട്ടിയുടെ പിതാവിന് അയച്ചു നൽകിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. തന്ത്രപരമായ നീക്കത്തിനൊടുവിലാണ് 19 വയസുള്ള ജോബിൻ ജോസഫ് മാത്യുവിനെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കുടുക്കിയത്. 

മാസങ്ങൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം. ദിവസങ്ങൾക്കു മുൻപ് കടുത്തുരുത്തി സ്വദേശിയായ പതിനെട്ടുകാരിയുടെ പിതാവിന്‍റെ ഫോണിലേയ്ക്കു പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോയും എത്തുകയായിരുന്നു. ഒറ്റ തവണ മാത്രം കാണാൻ സാധിക്കുന്ന രീതിയിൽ പല ദിവസങ്ങളിലും രാത്രി കാലത്താണ് ചിത്രങ്ങൾ എത്തിയിരുന്നത്. പല നമ്പരുകളിൽ നിന്നും ചിത്രങ്ങൾ ലഭിച്ചതോടെ കുടുംബം ആകെ അസ്വസ്ഥരായി. ചിത്രങ്ങൾ വാട്സാപ്പില്‍ ലഭിച്ച ശേഷവും പിതാവ് കാണാന്‍ വൈകിയാല്‍ വിദേശ നമ്പരുകളിൽ നിന്നടക്കം ഫോൺ ചെയ്ത് വീഡിയോയും, ചിത്രങ്ങളും കാണാൻ നിർദേശിക്കുന്നതും പതിവായിരുന്നു. ശല്യം അതിരൂക്ഷമായതോടെയാണ് വീട്ടുകാർ കടുത്തുരുത്തി പൊലീസിനെ സമീപിച്ച് പരാതി നൽകുന്നത്. തുടർന്ന്, പൊലീസ് സംശയമുള്ളവരെ ഓരോരുത്തരെയായി നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ 18 കാരിയെ ജോബിൻ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് ഇരുവരും സൗഹൃദത്തിൽ ആകുകയും ചെയ്തു. ഇതിനിടെ വിദേശത്തേയ്ക്കു പഠനത്തിനായി പെൺകുട്ടി പോയതിന് ശേഷമാണ് ഇത്തരത്തിൽ പിതാവിന്റെ ഫോണിലേയ്ക്കു നിരന്തരം വീഡിയോയും, ചിത്രങ്ങളും എത്തിയിരുന്നതെന്നും പൊലീസ് മനസിലാക്കി. തുടർന്ന്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിനു സൂചന ലഭിച്ചത്.  ഇയാളുടെ മൊബൈൽ ഫോണും സ്മാർട്ട് വാച്ചും പിടിച്ചെടുത്തു പരിശോധന നടത്തിയപ്പോഴാണ് സന്ദേശം അയക്കുന്ന രീതി പൊലീസിന് മനസിലായത് .

ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് വെർച്വൽ ഫോൺ ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവിന് യുവാവ് ചിത്രങ്ങളും വിഡിയോയും അയച്ചു നൽകിയത്. താനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചു വിദേശത്തേയ്ക്ക് അയച്ചതാണെന്ന് വിശ്വസിച്ച ജോബിൻ, ഇതിനു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ് വെയർ ടെക്‌നീഷ്യനായ ജോബിൻ അതിനായി യു ട്യൂബ് നോക്കി ഹാക്കിങ് പഠിച്ചു. തുടര്‍ന്നാണ് സ്വന്തം ഫോണില്‍ ഒരു വെര്‍ച്വല്‍ ഫോണ്‍ സൃഷ്ടിച്ചത് .  തുടര്‍ന്ന്  യഥാര്‍ഥത്തില്‍ ഇല്ലാത്ത നമ്പരില്‍ വാട്ട്സ് ആപ്പ്  അക്കൗണ്ടുണ്ടാക്കി. അതില്‍ നിന്ന് പെണ്‍കുട്ടിയുടെ   പിതാവിന് വിഡിയോയും, ചിത്രങ്ങളും അയച്ചു നൽകി. പ്രതിയുടെ ഫോൺ പിടിച്ചെടുത്തതോടെയാണ് ഇതു സംബന്ധിച്ചുള്ള തെളിവുകൾ പൊലീസിനു ലഭിച്ചത്. വിശദമായ പരിശോധനയ്ക്കായി പ്രതിയുടെ ഫോൺ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എസ് റെനീഷ് , സീനിയർ സി പി ഒ മനോജ് പി.യു , സൈബർ സെൽ ഉദ്യോഗസ്ഥരായ ജോർജ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.