families-in-vaikom-ezhumankayal-have-been-crossing-thelake-in-fear-of-accidents

TOPICS COVERED

കഴിഞ്ഞ അഞ്ച് വർഷമായി അപകട ഭീതിയിൽ വൈക്കം എഴുമാംകായൽ കടക്കുകയാണ് മുന്നൂറിലധികം കുടുംബങ്ങൾ. മുണ്ടാർ പാലത്തിനായി തൂണുകൾ മാനദണ്ഡം പാലിക്കാതെ നിര്‍മിച്ചതാണ് നാട്ടുകാരുടെ ഈ ദുരിതത്തിന് കാരണം. പാലത്തിനായി പണിത തൂണുകളിൽ നിരത്തിയ  ദ്രവിച്ച പലകകളിലൂടെയാണ് സ്കൂൾ കുട്ടികളടക്കം കായലിന് കുറുകെ അപകടയാത്ര നടത്തുന്നത്.

 

സികെ ആശയുടെ എം.എല്‍.എ ഫണ്ടിൽ നിന്ന് 32 ലക്ഷം അനുവദിച്ച് 2019 ലാണ്  എഴുമാം കായലിൽ പാലത്തിനായി തൂൺ ഉയർന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാറിലെ 300 ലധികം കുടുംബങ്ങൾക്ക് പുറത്ത് കടക്കാനുള്ള ഏക മാർഗ്ഗമെന്ന നിലയിലായിരുന്നു നിർമ്മാണം. എന്നാൽ ഉൾനാടൻ ജലഗതാഗത വകുപ്പ് മാനദണ്ഡപ്രകാരം തൂണുകൾ തമ്മിലുള്ള 15 മീറ്റർ അകലം പാലിച്ചില്ല. അതിന്റെ പകുതിപോലും അകലമില്ലാതെ നിർമ്മിച്ച തൂണുകൾ കായലിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തി. ഇതോടെ ലക്ഷങ്ങൾ പാഴാക്കിയ പണി നിർത്താൻ ഉത്തരവ് വന്നുവെന്ന് മാത്രമല്ല തൂണുകൾ പൊളിച്ചു നീക്കണമെന്ന ആവശ്യവും ഉയർന്നു.  

നീക്കം ചെയ്യാതെ കിടന്ന തൂണുകളിൽ പലക നിരത്തിയാണ് നാട്ടുകാരുടെ അപകട യാത്ര. ഭാഗ്യം കൊണ്ട് മാത്രം ഇതുവരെ ജീവഹാനി ഉണ്ടായിട്ടില്ല. എങ്കിലും കായലിൽ വീണവർ നിരവധി. യാത്രാമാർഗ്ഗമില്ലാതെ നൂറിനടുത്ത് കുടുംബങ്ങൾ വീടുപേക്ഷിച്ചു പോയി. അശാസ്ത്രീയമായി പണിത തൂണുകൾ പൊളിച്ച് നീക്കി പുതിയ പാലം നിർമ്മിക്കണമെന്ന  നാട്ടുകാരുടെ ആവശ്യം കേൾക്കാൻ പോലും ഇപ്പോൾ ആരുമില്ല എന്നതാണ് സ്ഥിതി.