പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ പിടിയിലായ പ്രതികള്‍ സിനിമകള്‍ പകര്‍ത്തിയത് ദക്ഷിണേന്ത്യന്‍  മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ നിന്നെന്ന് കണ്ടെത്തല്‍. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണം ഒഴിവാക്കുന്നതിനായി പ്രതികള്‍ പതിവ് രീതിയല്ല ടിക്കറ്റ് ബുക്കിങിന് ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. വ്യാജപകര്‍പ്പെടുക്കുന്നതിനായി തിയറ്ററിലെത്തുമ്പോള്‍ ' ഓഫര്‍ വൗച്ചറുകള്‍' വഴിയാണ് സംഘം ടിക്കറ്റുകള്‍ ബുക്ക് ചെയ്തുവന്നത്. 

മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ മധ്യഭാഗത്തെ സീറ്റുകളാണ് പ്രതികള്‍ പതിവായി ബുക്ക് ചെയ്തിരുന്നതെന്നും മൊബൈല്‍ഫോണുകള്‍ പോക്കറ്റിട്ടാണ് സിനിമ പകര്‍ത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കി. കുത്തനെയുള്ള സീറ്റുകളായതിനാല്‍ ചിത്രീകരണം തടസപ്പെടില്ലെന്നും പ്രതികള്‍ തുറന്നുപറയുന്നു. 

വ്യാജ പതിപ്പുകളെ കുറിച്ച് പൊലീസ് അന്വേഷിക്കുമ്പോള്‍ യഥാര്‍ഥ പ്രതികളിലേക്ക് എത്തിപ്പെടാതിരുന്നതിന്‍റെ കാരണവും  നൂതന സാങ്കേതിക വിദ്യകളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സാധാരണരീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വ്യക്തികളുടെ ഫോണ്‍നമ്പറുകള്‍ നല്‍കിയും പേമെന്‍റ് യുപിഐ ഇടപാടുകള്‍ നടത്തിയുമാണ്. എന്നാല്‍ ഓഫര്‍ വൗച്ചറുകള്‍ വഴിയാകുമ്പോള്‍ യുപിഐ പേയ്മെന്‍റുകളുടെ ആവശ്യവും ഉണ്ടായിരുന്നില്ല. ഇതാണ് പ്രതികള്‍ മുതലെടുത്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. കശ്മീര്‍ സ്വദേശിയുടെ പേരിലുള്ള ഫോണ്‍ നമ്പറാണ് ഇന്നലെ പിടിയിലായവര്‍ ഉപയോഗിച്ചിരുന്നത്. പണം നല്‍കിയും പ്രതികള്‍ വ്യാജപതിപ്പ് വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

The accused in the film piracy case revealed that they used South Indian multiplexes to copy films. They also disclosed that they used offer vouchers to book tickets in order to avoid police inquiries through mobile numbers