തൃശൂരിലെ വ്യാപാരിയുടെ വാട്സാപ്പിലേക്ക് ഒരു ഹായ് വന്നു. രണ്ടു വര്‍ഷം മുമ്പ്. ആരാണെന്ന് അറിയാന്‍ ചാറ്റ് ചെയ്തു. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇരുപത്തിമൂന്നുകാരി ആവണിയെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നെ, സ്ഥിരമായി ചാറ്റ് ചെയ്തു. വ്യാപാരിക്ക് അറുപത്തിമൂന്നു വയസുണ്ട്. ആദ്യം ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ രണ്ടായിരം രൂപ ചോദിച്ചു. പിന്നെ, പല ആവശ്യങ്ങള്‍. തുക അയ്യായിരമായി , പതിനായിരമായി... ചോദിക്കുന്ന തുകയുടെ വലിപ്പം കൂടി. ഇതിനിടെ, വീഡിയോ കോള്‍ വന്നു.
വിവസ്ത്രയായി വീഡിയോ കോളില്‍
വാട്സാപ്പില്‍ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അപ്പുറത്ത് വിവസ്ത്രയായ യുവതി. സെക്സ് കലര്‍ന്ന സംസാരം. ഈ വീഡിയോ കോള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. കോള്‍ കട്ടായ ശേഷം യുവതിയുടെ സംസാര ശൈലി മാറി. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഭാര്യയ്ക്കു അയച്ചു കൊടുക്കും... ഇങ്ങനെ പലതരം ഭീഷണികള്‍. ഭാര്യയുടെ ഭൂമി വിറ്റ വകയില്‍ ഒന്നരക്കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ തുക പലപ്പോഴായി പിന്‍വലിച്ച് തുക കൈമാറി. ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തി. ഭാര്യാമാതാവിന്റെ സ്വര്‍ണ പണയപ്പെടുത്തി. എല്ലാം യുവതിയ്ക്കു നല്‍കി. മാനം പോകുമെന്ന് ഭയന്നായിരുന്നു വ്യാപാരി ഇതെല്ലാം ചെയ്തത്.
മകന് സംശയം തോന്നി, ചോദിച്ചു
അച്ഛന്റെ ടെന്‍ഷന്‍ കണ്ട് മകന്‍ കാര്യങ്ങള്‍ ചോദിച്ചു. അപ്പോഴാണ്, യുവതിയെ പരിചയപ്പെട്ടതും ഭീഷണിപ്പെടുത്തിയതും വെളിപ്പെടുത്തിയത്. ഒരിക്കല്‍ പോലും നേരില്‍ കാണാത്ത യുവതി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. തൃശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ എത്തി ഇന്‍സ്പെക്ടര്‍ പി.ലാല്‍കുമാറിന് പരാതി നല്‍കി. വിളിച്ച ഫോണ്‍ നമ്പര്‍ ആരുടേതെന്നായി അന്വേഷണം.
ഫോണ്‍ നമ്പര്‍ ഉടമ കൊല്ലം സ്വദേശിനി
വ്യാപാരിയെ ഫോണില്‍ വിളിച്ച് സംസാരിച്ച യുവതി കൊല്ലം കരുനാഗപ്പിള്ളി സ്വദേശി ഷെമിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മുപ്പത്തിയെട്ടു വയസുണ്ട്. രണ്ടാം വിവാഹം. കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള സ്വദേശി സോജനായിരുന്നു ഭര്‍ത്താവ്. ഡ്രൈവറാണ്. ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട് ഷെമിയ്ക്ക്. സോജന്റെ മാതാപിതാക്കളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചിരുന്നു. ഷെമിയുടേയും സോജന്റേയും അക്കൗണ്ടുകളിലും പണം കൈമാറി. പൊലീസ് ആദ്യം ചെയ്തത്, ഈ നാല് അക്കൗണ്ടുകള്‍ മരവിപ്പിക്കലാണ്. ഏകദേശം പതിനേഴു ലക്ഷം രൂപയോളം അക്കൗണ്ടുകളിലുണ്ടായിരുന്നു.
ദമ്പതികള്‍ വയനാട്ടില്‍ റിസോര്‍ട്ടില്‍
ഫോണ്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ വയനാട്ടിലായിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഇവര്‍ക്കു പണമെടുക്കാന്‍ കഴിയാതെ വന്നു. ബാങ്കില്‍ വിളിച്ച് ചോദിച്ചപ്പോള്‍ പൊലീസ് മരവിപ്പിച്ചതാണെന്ന് മറുപടി പറഞ്ഞു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലായതോടെ, വയനാട്ടില്‍ നിന്ന് ഇവര്‍ നെടുമ്പാശേരിയിലേക്ക് വരാന്‍ ആസൂത്രണം നടത്തി. പൊലീസാകട്ടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു. അങ്കമാലിയില്‍ വളഞ്ഞിട്ട് പിടികൂടി. 82 പവന്‍ സ്വര്‍ണം, ഇന്നോവ കാര്‍, ടയോട്ട ഗ്ലാന്‍സ കാര്‍ , മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇതെല്ലാം ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
ലോട്ടറിയടിച്ചു, കാശുകാരായി
നിര്‍ധന കുടുംബാംഗങ്ങളായിരുന്നു സോജനും ഷെമിയും. ചെറിയ വീട്ടില്‍ കഴിഞ്ഞിരുന്നവര്‍. ഒരു സുപ്രഭാതത്തില്‍ കാശുകാരായി. ചില്ലറകാശല്ല. രണ്ടരക്കോടി പെട്ടെന്ന് കൈവരുമ്പോഴുള്ള ആവേശം. രണ്ടു പേരില്‍ നിന്നായി കണ്ടെടുത്ത് അഞ്ച് ഐ ഫോണുകളാണ്. പതിനഞ്ചു ലക്ഷം രൂപ പകിടി കൊടുത്ത് വലിയ വീട്ടില്‍ താമസം. സെയില്‍സ് ഗേളായിരുന്നു. വ്യാപാരിയുടെ ഫോണ്‍ നമ്പര്‍ കിട്ടിയതും കടയില്‍ സെയില്‍സ് ഗേളായിരുന്നപ്പോള്‍. പല ആളുകളുടേയും വാട്സാപ്പില്‍ സമാനമായി ഹായ് മെസേജുകള്‍ അയച്ചിരുന്നു. പക്ഷേ, കുടുങ്ങിയത് തൃശൂരിലെ വ്യാപാരിയാണെന്ന് മാത്രം. ഉത്തരേന്ത്യന്‍ മോഡലില്‍ വീഡിയോ കോള്‍ വിളിച്ച് പണം തട്ടിയ വാര്‍ത്തകളില്‍ നിന്നാണ് ദമ്പതികള്‍ ഐഡിയ കിട്ടുന്നതും നടപ്പാക്കുന്നതും.
നഷ്ടപ്പെട്ടത് കിട്ടാന്‍ കടമ്പ
തട്ടിയെടുത്ത പണത്തില്‍ ഒന്നരക്കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണവും വാഹനങ്ങളും കിട്ടി. ഒരു കോടി ഇനിയും കിട്ടണം. ഇത്, കോടതിയില്‍ നിന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചുകിട്ടാന്‍ സമയമെടുക്കും.
പൊലീസിന് മേലുദ്യോഗസ്ഥരുടെ അഭിനന്ദനം
തൃശൂര്‍ എ.സി.പി.: സലീഷ് എന്‍. ശങ്കരന്‍, വെസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.ലാല്‍കുമാര്‍, സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എസ്.സുധീഷ്, എസ്.ഐ: സെസില്‍ ക്രിസ്റ്റ്യന്‍ രാജ്, എ.എസ്.ഐ : പ്രീത്, ഉദ്യോഗസ്ഥരായ ദീപക്, ഹരിഷ്, അജിത്, അഖില്‍ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. മികച്ച രീതിയില്‍ കേസന്വേഷിച്ച് പ്രതികളെ പിടികൂടിയതിന് ഈ സംഘത്തെ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.