വിവാഹമോചനം കഴിഞ്ഞു, മുന്‍ഭര്‍ത്താവും താനും ഉപയോഗിച്ചിരുന്ന കിടക്ക കത്തിക്കണമെന്ന വിചിത്ര ആചാരത്തിന്‍റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തി യുവതി. ചൈനയിലാണ് സംഭവം. ആചാരത്തിന്‍റെ പേരില്‍ യുവാവില്‍ നിന്ന് തട്ടിയെടുത്തത് 11.8 ലക്ഷം രൂപ. യുവതിയെ പൊലീസ് അറ്സറ്റ് ചെയ്ത് 42 മാസം ജയിലിലടച്ചു.
ഒരു ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴിയാണ് വാങ് എന്ന യുവാവ് ലി എന്ന യുവതിയെ പരിചയപ്പെടുന്നത്. ആ പരിചയം സൗഹൃദമായും പിന്നീട് സ്നേഹത്തിലേക്കും വഴിവച്ചു. തനിക്ക് വിവിധയിടങ്ങളില്‍ വസ്തുക്കളുണ്ടെന്നും ഒരു ജ്വല്ലറി തന്നെ തനിക്ക് സ്വന്തമായുണ്ടെന്നും ലി ആ യുവാവിനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. കൂടുതല്‍ വിശ്വാസം നേടാനായി വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങളും യുവാവിന് അയച്ചുക്കൊണ്ടിരുന്നു.
വിവാഹമോചന വിവരം മറച്ചുവച്ച യുവതി തന്‍റെ ഭര്‍ത്താവ് മരിച്ചുപോയെന്നു കളവും പറഞ്ഞു. സാധാരണ വിവാഹബന്ധങ്ങളില്‍ നിന്ന് വിപരീതമായി, യുവതി വിലകൂടിയ ഗിഫ്റ്റുകള്‍ വാങ്ങിന് സമ്മാനിക്കാന്‍ തുടങ്ങി. ഇതെല്ലാം അവന് അവളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ കാരണമായി.
അങ്ങനെ പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. അവിടെ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം. നിയമപരമായി കല്യാണം കഴിക്കുന്നതിന് മുമ്പ് വിചിത്രമായ ഒരു ആചാരം ഉണ്ടെന്ന് ലി വാങ്ങിനെ അറിയിച്ചു. വിവാഹ കിടക്ക കത്തിക്കല്‍ എന്നൊരു ആചാരമുണ്ടെന്നും രോഗംമൂലം മരിച്ചുപോയ ഭര്‍ത്താവ് തങ്ങളുടെ വിവാഹത്തെ അനുഗ്രഹിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ആചാരമെന്നാണ് വിശ്വസിപ്പിച്ചത്.
അതിനായി കുറച്ചു പണം നല്‍കണമെന്നും വാങ്ങിനോട് ആവശ്യപ്പെട്ടു. 100,000 യുവാന്‍ അതായത്11.8 ലക്ഷം രൂപയാണ് വിവാഹക്കിടക്ക കത്തിക്കാന്‍ ലി ആവശ്യപ്പെട്ടത്. പണം ഓണ്‍ലൈനായി നല്‍കിയാല്‍ മതിയെന്നും എന്നാല്‍ ചടങ്ങ് നടക്കുന്ന ദിവസം അവിടെ നിന്ന് മാറിനില്‍ക്കണമെന്നും എന്നാലേ ഫലമുണ്ടാവുകയുള്ളൂ എന്നും ലി പറയുന്നു. പണം വാങ്ങിയ ശേഷം ആചാരത്തിന്‍റേതെന്ന പേരില്‍ ഏതാനും ചിത്രങ്ങളും അയച്ചുകൊടുത്തു.
എന്നാല്‍, പതിയെ എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ലി വാങ്ങിനെ ബ്ലോക്ക് ചെയ്തു. പിന്നീടാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവാവിന് മനസിലായത്. ഉടന്‍ തന്നെ വാങ്ങ് ലി എന്ന യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ യുവതി കുറ്റം സമ്മതിച്ചു. ഇതേ തന്ത്രമുപയോഗിച്ച് ലി മറ്റൊരു യുവാവിനേയും പറ്റിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടർന്നാണ് 42 മാസം തടവുശിക്ഷ വിധിച്ചത്.