സംസ്ഥാനത്ത് ആയിരകണക്കിന് വാട്സപ്പ് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറി ധനസഹായ അഭ്യര്‍ഥനയിലൂടെ പണം തട്ടി ഡിജിറ്റല്‍ തട്ടിപ്പ് മാഫിയ. ആറക്ക വെരിഫിക്കേഷന്‍ കോഡ് തട്ടിയെടുത്ത് വാട്സപ്പിന്‍റെ നിയന്ത്രണം ഏറ്റെടുത്താണ് മാഫിയ സംഘത്തിന്‍റെ തട്ടിപ്പ്. രാജ്യമാകെ പടരുന്ന തട്ടിപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥരടക്കമാണ് ഇരകളായത്.
വാട്സപ്പൊക്കെ ഹാക്ക് ചെയ്യുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ നമ്മള്‍ വരുത്തുന്നു ഒരു പിഴവ് തന്നെയാണ് ഹാക്കിങ് യാഥാര്‍ഥ്യമാക്കുന്നത്. അനുഭവസ്ഥര്‍ നമുക്ക് ചുറ്റിലുണ്ട്. ഒടിപി നമ്പര്‍ കൈമാറുന്നതോടെ നമ്മുടെ വാട്സപ്പിന്‍റെ നിയന്ത്രണം തട്ടിപുകാര്‍ക്കാണ്. നമ്മള്‍ അത് അറിഞ്ഞ് വരുമ്പോളേക്കും നമ്മുടെ പരിചയക്കാരായ നൂറുകണക്കിനാളുകള്‍ തട്ടിപ്പിനിരകളാകും. പണം തന്നെയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. വാട്സപ്പിന്‍റെ നിയന്ത്രണം നമുക്ക് തിരിച്ചുകിട്ടാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. അതിന് വാട്സപ്പ് തന്നെ വിചാരിക്കുകയും വേണം.
വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് രണ്ടേ രണ്ട് കാര്യങ്ങള്‍. ഒന്ന് വാട്സപ്പ് അക്കൗണ്ടുകളില്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ ആക്ടിവേറ്റാക്കുക. രണ്ട് ആറക്ക വെരിഫിക്കേഷന്‍ കോഡ് ആര് ചോദിച്ചാലും നല്‍കാതിരിക്കുക. അതിപ്പോള്‍ എത്ര അടുപ്പമുള്ളവരായാലും.