സംസ്ഥാനത്ത് ആയിരകണക്കിന് വാട്സ് ആപ് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയുള്ള തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ ഡിജിറ്റല്‍ മാഫിയ. ധനാഭ്യര്‍ഥനയോടൊപ്പം നല്‍കുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഭൂരിഭാഗവും ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍. തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് ഒഴുകുന്ന പണം തൊട്ടടുത്ത മിനിറ്റുകളില്‍ പിന്‍വലിക്കുന്നതായും സൈബര്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി.
ഹാക്ക് ചെയ്ത വാട്സപ്പ് അക്കൗണ്ടിലൂടെ സഹായം ആവശ്യപ്പെട്ടയക്കുന്ന യുപിഐ, അക്കൗണ്ട് വിവരങ്ങളാണ് തട്ടിപ്പ് സംഘത്തിലേക്ക് എത്താനുള്ള ഏക വഴി.
ഇരകള്‍ക്ക് ലഭിച്ച ഈ വിവരങ്ങളെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഉത്തരേന്ത്യയിലേക്ക് നയിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളിലാണ് ഡിജിറ്റല്‍ മാഫിയ സംഘത്തിന്‍റെ അക്കൗണ്ടുകളിലേറെയും.
മൂവായിരം മുതല്‍ പതിനയ്യായിരം രൂപ വരെയാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. വലിയ തുകയല്ലാത്തതിനാല്‍ പലരും ആ പണം അയച്ചുനല്‍കുകയും ചെയ്യും. ഈ അക്കൗണ്ടുകളിലേക്കെത്തുന്ന പണം നിമിഷനേരം കൊണ്ടാണ് തട്ടിപ്പുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. തട്ടിപ്പില്‍ ബാങ്ക് അധികൃതരുടെ പങ്കും പൊലീസ് സംശയിക്കുന്നു.
രാജ്യത്തെ ഒട്ടുമിക്ക സൈബര്‍ തട്ടിപ്പിനും പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് കണ്ടെത്തല്‍. പല കേസുകളിലും തട്ടിപ്പ് സംഘങ്ങളുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് മലയാളികളാണെന്നതും മറ്റൊരു യാഥാര്‍ഥ്യം.