വെർച്വൽ അറസ്റ്റ് പൊളിച്ച് കേരള പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് വെർച്വൽ അറസ്റ്റിൽ നിന്ന് പൊലീസ് തത്സമയം രക്ഷിച്ചത്. എസ് ബി ഐ പുതുതായി തുടങ്ങിയ നിരീക്ഷണ സംവിധാനത്തിന്റെ കൂടി സഹായത്തോടെ തട്ടിപ്പ് സംഘത്തിന് കൈമാറിയ അഞ്ചേകാൽ ലക്ഷം രൂപ തിരിച്ചു പിടിക്കാനും കഴിഞ്ഞു.
മുംബൈ പോസ്റ്റിന്റെ പേരിൽ കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറുടെ ഫോണിലേക്ക് എത്തിയ സന്ദേശത്തിൽ നിന്നാണ് തുടക്കം. പോസ്റ്റൽ ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും നാളെ മുംബൈ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വിളിക്കും എന്നുമായിരുന്നു സന്ദേശം. പിറ്റേന്ന് രാവിലെ വിഡിയോ കോളിൽ എത്തിയ തട്ടിപ്പ് സംഘം ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും പരിശോധനായ്ക്കായി അക്കൗണ്ടിലെ പണം മുഴുവൻ അയച്ചു തരാനും ആവശ്യപ്പെട്ടു.
വിശ്വസിപ്പിക്കാനായി സുപ്രീംകോടതിയുടെയും മുംബൈ പൊലീസിന്റെയും പേരിലുള്ള രേഖകളും കൈമാറി. പരിഭ്രാന്തനായി ചങ്ങനാശ്ശേരിയിലെ എസ്.ബി.ഐ ബ്രാഞ്ചിലെത്തിയ ഡോക്ടറെ കണ്ട് സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥരാണ് ചങ്ങനാശ്ശേരി പൊലീസിൽ അറിയിക്കുന്നത്..
പൊലീസ് വീട്ടിലെത്തുമ്പോഴേക്കും അഞ്ചേകാൽ ലക്ഷം രൂപ പ്രതികൾക്ക് കൈമാറി കഴിഞ്ഞിരുന്നു. പൊലീസിന്റെയും ബാങ്കിന്റെയും കൃത്യസമയത്തുള്ള ഇടപെടലിലൂടെ പണത്തിന്റെ ഭൂരിഭാഗവും തിരിച്ചുപിടിച്ചു. ഫ്രീസ് ചെയ്തിട്ടുള്ള ബാക്കി തുകയും വൈകാതെ അക്കൗണ്ടിലെത്തും. പ്രത്യേകം ശ്രദ്ധിക്കുക, ഇന്ത്യയിലെ ഒരു ഏജൻസിയും അന്വേഷണത്തിന്റെ പേരിൽ വെർച്വൽ അറസ്റ്റ് ചെയ്യില്ല. അബദ്ധത്തിൽ പണം അയച്ചു കൊടുക്കേണ്ടി വന്നാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക