karunagappally-online-fraud

കൊല്ലം കരുനാഗപ്പളളിയില്‍ ഒാണ്‍ലൈന്‍ തട്ടിപ്പിലൂടെ വനിതാ ഡോക്ടറുടെ പത്തു ലക്ഷം രൂപ തട്ടിയെടുത്ത പ്രധാന പ്രതിയെ ജാര്‍ഖണ്ഡുകാരനെ പൊലീസ് പിടികൂടി. പതിനഞ്ചംഗ സംഘത്തിലെ മറ്റുളളവര്‍‌ക്കായി അന്വേഷണം തുടരുകയാണ്. ജാര്‍‌ഖണ്ഡില്‍ പതിമൂന്നു ദിവസം താമസിച്ചാണ് കരുനാഗപ്പളളി പൊലീസ് പ്രതിയെ പിടികൂടിയത്.

 

ജാര്‍ഖണ്ഡ് ജാംതാര ജില്ലക്കാരനായ അക്തര്‍ അന്‍സാരിയാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. മാരാരിത്തോട്ടം സ്വദേശിനിയുടെ പത്തുലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ യുവതി ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ എന്ന പേരില്‍ ഗൂഗിളില്‍ ഉണ്ടായിരുന്നത് തട്ടിപ്പ് സംഘത്തിന്റെ നമ്പറായിരുന്നു. സഹായിക്കാമെന്ന് പറഞ്ഞ് അക്തര്‍ അന്‍സാരിയും സംഘവും യുവതിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇങ്ങനെ അക്കൗണ്ടിലുണ്ടായിരുന്ന പത്തുലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.

തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലായിരുന്നു കരുനാഗപ്പളളി പൊലീസിന്റെ അന്വേഷണം. ഗ്രാമീണരുടെ പേരിലുളള സിം കാര്‍ഡുകള്‍ കൈക്കലാക്കിയാണ് പതിനഞ്ചംഗ സംഘം തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ബാങ്കുകളുടെ പേരില്‍ വ്യാജ വെബ് സൈറ്റുകളും, ആപ്പുകളും പ്രതികള്‍ തയാറാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അക്കൗണ്ട് വഴി പരസ്യങ്ങള്‍ നല്‍കി ആള്‍ക്കാരെ വലയിലാക്കുന്നതും തട്ടിപ്പ് രീതിയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Police in Karunagappally, Kollam, arrested a Jharkhand native for swindling ₹10 lakh from a female doctor in an online fraud case. Investigations continue to trace the other 14 gang members.