സൈബര്‍ തട്ടിപ്പിലൂടെ വീട്ടമ്മയില്‍ നിന്ന് 1.32 കോടി രൂപ കൈക്കലാക്കിയതായി പരാതി. ഓഹരി വ്യാപാരത്തിലൂടെ കോടികള്‍ ലാഭം തരാമെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മയിൽ നിന്ന് പണം തട്ടിയത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്സാപ്പിലൂടെ ഐഷ സിധിക എന്ന് പരിചയപ്പെടുത്തിയ ആളാണ് വീട്ടമ്മയെ കബളിപ്പിച്ച് പണം കൈക്കലാക്കിയത്. ട്രേഡിംഗിലൂടെ കോടികളുണ്ടാക്കാമെന്നും, താൻ പറയുന്ന അക്കൗണ്ട് നമ്പരുകളിലേക്ക് പണം അയക്കണമെന്നും അജ്ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു മാസത്തിനിടെ പല അക്കൗണ്ടുകളിലേക്കായാണ് 1.32 കോടി രൂപ അയച്ചുനൽകിയതെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
11 ബാങ്ക് അക്കൗണ്ടുകളുലേക്കാണ് വീട്ടമ്മ പണം അയച്ചുകൊടുത്തത്. മൊബൈൽ ആപ്പിന്റേതെന്ന് പറഞ്ഞ് ഒരു ലിങ്ക് അയച്ചുകൊടുത്ത ശേഷം അത് യുവതിയെക്കൊണ്ട് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷമായിരുന്നു സൈബര്‍ തട്ടിപ്പ്. ഓഹരി വ്യാപാരത്തിലൂടെ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്ന് പണം തട്ടുന്ന ഒട്ടേറെ കേസുകളാണ് ഇപ്പോള്‍ സൈബര്‍ പൊലീസിലെത്തുന്നത്.