രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങൾ. ജമ്മു കാശ്മീരിനെതിരായ മത്സരത്തില്‍ മുംബൈയ്ക്കായി ഇറങ്ങിയ രോഹിത് ശർമ മൂന്ന് റൺസിന് പുറത്താവുകയായിരുന്നു. 19 പന്താണ് രോഹിത് നേരിട്ടത്.
കശ്മീരിനെതിരായ മത്സരത്തിൽ രോഹിത്തും ജയ്സ്വാളുമാണ് മുംബൈയ്ക്കായി ഓപ്പൺ ചെയ്തത്. ജയ്സ്വാൾ 8 പന്തിൽ 4 റൺസെടുത്തു പുറത്തായി. സൗരാഷ്ട്രക്ക് എതിരായ മത്സരത്തിൽ ഡൽഹിക്കായി ഇറങ്ങിയ ഋഷഭ് പന്ത് ഒരു റൺ എടുത്തു പുറത്തായി. ബിസിസിഐ നിർദ്ദേശപ്രകാരമാണ് ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങൾ രഞ്ജിയിൽ മത്സരിക്കാൻ ഇറങ്ങിയത്.
സീനിയര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം വന്നത്. സമയം കിട്ടാത്തതിനാലാണ് താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ രോഹിത് പറഞ്ഞിരുന്നു. രോഹിത് ശര്‍മ്മ അവസാനമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചത് 2015ലാണ്.