ചേർത്തലയിലെ 7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പ് കേസിൽ തായ് വാൻ സ്വദേശികളായ രണ്ട് പ്രതികളെ എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെയാണ് പ്രതികളെ ഗുജറാത്തിൽ നിന്ന് ആലപ്പുഴയിൽ എത്തിച്ചത്. ചേർത്തലയിലെ ഡോക്ടർ ദമ്പതികളെയാണ് ഓൺലൈൻ ഓഹരി വ്യാപാരത്തിൻ്റെ പേരിൽ തട്ടിപ്പിനിരയാക്കിയത്.
രാജ്യാന്തര സാമ്പത്തിക കുറ്റവാളികളും തായ് വാൻ സ്വദേശികളുമായ വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഗുജറാത്തിൽ നിന്ന് ആലപ്പുഴയിൽ എത്തിച്ച ഇരുവരെയും ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മാസം 27 വരെയാണ് കസ്റ്റഡി അനുവദിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണ് ചേർത്തലയിൽ നടന്നത്. ഓഹരികളിൽ നിന്ന് അമിതലാഭം വാഗ്ദാനം ചെയ്താണ് ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നു 7 കോടി 65 ലക്ഷം രൂപ തട്ടിയെടുത്തത്. 2023 സെപ്റ്റംബർ മുതൽ 2024 മേയ് വരെയുള്ള സമയത്താണ് ഡോക്ടർ ദമ്പതികൾക്ക് പണം നഷ്ടമായത്. ഈ കേസിൽ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തു. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനക്കാരനായ ഭഗവൻ റാമിനെയും നിർമൽ ജെയിനെയും പിടികൂടി.
ചൈനയും സമീപ രാജ്യങ്ങളും കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇതിനിടെയാണ് തായ് വാൻ പൗരൻമാരായ വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ഗുജറാത്തിലെ അഹമ്മദാബാദ് പോലീസ് അറസ്റ്റു ചെയ്തത്. ചേർത്തലയിലെ തട്ടിപ്പുമായി ഇവർക്കുള്ള ബന്ധം വ്യക്തമായതിനാൽ ആലപ്പുഴ ക്രൈം ബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.