ആറ്റുകാൽ പൊങ്കാലയ്‌ക്കിടെ നിരവധി സ്ത്രീകള്‍ക്ക് സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. തിരുവനന്തപുരം ഫോർട്ട്, കന്റോൺമെന്റ്, തമ്പാനൂർ, വഞ്ചിയൂര്‍ തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിലായി മാല മോഷണം പോയെന്ന പരാതികളുമായി 15 ഓളം സ്ത്രീകളാണ് എത്തിയത്.
പരാതി പ്രവാഹത്തിനിടെ, സ്വർണമാലകളുമായി രണ്ട് സ്ത്രീകളെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ ഇശകി (44), അനു (31) എന്നിവരാണ് പിടിയിലായത്. പൊങ്കാലക്ക് ശേശം ബസിൽ കയറവേ സ്ത്രീയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിന് സമീപത്തുവച്ചായിരുന്നു സംഭവം.
ഇന്നലെ രാവിലെ തിരുവനന്തപുരം നഗരത്തിലെത്തിയ തൂത്തുക്കുടി സ്വദേശികള്‍ വേഷം മാറിയാണ് മാല മോഷണത്തിനിറങ്ങിയത്. മറ്റുകേസുകളിൽ സ്വർണമാല നഷ്ടമായതെല്ലാം മോഷണമാണെന്ന് ഉറപ്പാക്കാനാകില്ലെന്നും, അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.