Image: www.secretservice.gov/

Image: www.secretservice.gov/

കോടികളുടെ ക്രിപ്റ്റോ ഇടപാടിലും സാമ്പത്തിക തട്ടിപ്പിലും ഇന്‍റര്‍പോള്‍ തിരഞ്ഞുകൊണ്ടിരുന്ന കുറ്റവാളി അലക്സാസ് ബേസിയോകോവ് വര്‍ക്കലയില്‍ നിന്ന് അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സിബിഐയുടെയും കേരള പൊലീസിന്‍റെയും സംയുക്ത ഓപ്പറേഷനാണ് വര്‍ക്കലയില്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാനെത്തിയ അലക്സാസിനെ കുടുക്കിയത്. 

ഇന്ത്യയില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് 46കാരനായ ക്രിപ്റ്റോ കിങ്പിന്‍ സിബിഐയുടെ വലയില്‍ കുടുങ്ങിയത്. അമേരിക്കയുടെ നിര്‍ദേശ പ്രകാരം ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയമാണ് അലക്സാസിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 

ആരാണ് അലക്സാസ് ബേസിയോകോവ്?

ലിത്വാനിയന്‍ പൗരനായ അലക്സാസ് ബേസിയോകോവ് റഷ്യയില്‍ സ്ഥിര താമസമാക്കിയയാളും ക്രിപ്റ്റോ കറന്‍സിയായ ഗാരന്‍റക്സിന്‍റെ സ്ഥാപകനുമാണ്. 2022 ല്‍ ഗാരന്‍റക്സിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ക്രിമിനല്‍– സൈബര്‍ ക്രിമിനല്‍ സംഘടനകള്‍ വഴി കോടിക്കണക്കിന് ഡോളറാണ് അലക്സാസ് തട്ടിയെടുത്തതെന്ന് പൊലീസ് പറയന്നു. യുഎസ് രഹസ്യാന്വേഷണ  ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് അലക്സാസ്. ഗാരന്‍റക്സിന്‍റെ സഹ സ്ഥാപകനായ അലക്സാന്ദര്‍ മിറ സെര്‍ദയ്ക്കെതിരെയും യുഎസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. 

എന്താണ് അലക്സാസ് ചെയ്ത കുറ്റം?

സാമ്പത്തിക തട്ടിപ്പിന് പുറമെ ഉപരോധം അട്ടിമറിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ കേസിലും നിയമവിരുദ്ധമായി പണം കൈമാറ്റം ചെയ്യുന്ന ഇടപാടിലും പൊലീസ് അലക്സാസിനെ തിരയുകയായിരുന്നു.  കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതിലൂടെയും, ലഹരിമരുന്ന് വില്‍പ്പനയിലൂടെയും ഇടപാടുകളിലൂടെയും കോടികള്‍ അലക്സാസ് സമ്പാദിച്ചെന്ന് സിബിഐ പറയുന്നു. 2019 മുതലുള്ള തട്ടിപ്പ് വഴി 96 ബില്യണ്‍ യുഎസ് ഡോളറാണ് അലക്സാസ് കീശയിലാക്കിയതെന്ന് യുഎസ് ജസ്റ്റിസ് ഡിപാര്‍ട്മെന്‍റ് പറയുന്നു. 

രാജ്യാന്തര നിയമ സംവിധാനങ്ങളൊന്ന് ചേര്‍ന്നാണ് ഗാരന്‍റാക്സിനെ പൂട്ടാന്‍ കഴിഞ്ഞയാഴ്ച നടപടി സ്വീകരിച്ചത്. അമേരിക്ക, ജര്‍മനി, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നിയമ വിദഗ്ദര്‍ ചേര്‍ന്ന് ഗാരന്‍റാക്സിന്‍റെ ഡൊമൈനുകളും സെര്‍വറും മരവിപ്പിക്കുകയായിരുന്നു. കുപ്രസിദ്ധ കുറ്റവാളികള്‍ക്ക്, പ്രധാനമായും ഉത്തരകൊറിയിലെ ഹാക്കിങ് സ്ക്വാഡായ ലാസറസിനായാണ് ഗാരന്‍റ്ക്സ് പണം മറിച്ച് നല്‍കിയിരുന്നത്. 

ENGLISH SUMMARY:

Alexsej Besciokov, a fugitive wanted by Interpol for crypto fraud, was arrested in Varkala in a joint operation by the CBI and Kerala Police. Basiokov was apprehended while attempting to flee India. Following a directive from the United States, the Indian Ministry of External Affairs issued an arrest warrant against him, leading to his capture.