plkd-honey-trap

വീട്ടിലെ ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന വ്യാജേനെ ജ്യോല്‍സ്യനെ വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്ത്രീയുള്‍പ്പടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മഞ്ചേരി സ്വദേശി മൈമുന(44), നല്ലേപ്പിള്ളി സ്വദേശി എസ്.ശ്രീജേഷ് എന്നിവരാണ് പിടിയിലായത്. 

ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും ചേർന്ന് കൊല്ലങ്കോട്ടെ ജ്യോല്‍സ്യന്‍റെ വീട്ടിലെത്തി പൂജയ്ക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നുമായിരുന്നു ആവശ്യം.  അതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോല്‍സ്യനെ രണ്ട് യുവാക്കൾ ചേർന്ന് കല്ലാണ്ടിച്ചുള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയായ എൻ.പ്രതീഷിന്‍റെ വീട്ടിലേക്കാണ് എത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.  

വീട്ടിലെത്തിയതും പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച പ്രതീഷ്, ജ്യോല്‍സ്യനെ അസഭ്യം പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മർദ്ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. ശേഷം നഗ്നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിർത്തി ഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു.  ജ്യോല്‍സ്യന്‍റെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ വരുന്ന സ്വർണമാലയും മൊബൈൽ ഫോണും പണവും കൈക്കലാക്കി. തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. 20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലും ബന്ധുക്കൾക്കും നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണിയെന്ന് ജ്യോല്‍സ്യന്‍റെ പരാതിയില്‍ പറയുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേര്‍ വീട്ടിലുണ്ടായിരുന്നുവെന്നും ഇവർ പുറത്തുപോയ തക്കത്തിന് പിന്നിലെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ജ്യോല്‍സ്യന്‍ പൊലീസിനോട് വെളിപ്പെടുത്തി. 

ജ്യോല്‍സ്യന്‍ രക്ഷപെടാന്‍ കാരണം പൊലീസ്!

ഞായറാഴ്ച ചിറ്റൂർ സ്റ്റേഷൻ പരിധിയിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട പ്രതിയുടെ മൊബൈൽ ലൊക്കേഷൻ തിരഞ്ഞെത്തിയതായിരുന്നു ചിറ്റൂർ പൊലീസ്. പെട്ടെന്ന് പൊലീസിനെ കണ്ടതോടെ വീട്ടിൽ ഉണ്ടായിരുന്നവർ ചിതറിയോടി. പൊലീസും പുറകെ ഓടി 2 പേരെ പിടികൂടിയെങ്കിലും അവർ തിരഞ്ഞെത്തിയ പ്രതിയെ കിട്ടിയില്ല. എന്നാൽ വീടിനകത്ത് നടന്ന സംഭവം അറിയാതെ ചിറ്റൂർ പൊലീസ് തിരികെ പോവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്നവര്‍ അതിവേഗത്തില്‍ പുറത്തേക്ക് പോകുന്നത് കണ്ട ജ്യോല്‍സ്യനും ഓടിരക്ഷപെട്ടു. 

ചിതറി ഓടിയ സ്ത്രീകളിൽ ഒരാൾ മദ്യലഹരിയിൽ റോഡിൽ വീണു കിടക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ യുവതി അസഭ്യവര്‍ഷം ആരംഭിച്ചു. ഇതോടെ നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ പൊലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് കള്ളി വെളിച്ചത്തായത്. ഈ നേരം കൊണ്ട് വീട്ടിലെത്തിയ ജ്യോല്‍സ്യന്‍ കൊല്ലങ്കോട് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസിനെ കണ്ട് ഓടിയ പ്രതികളിലെ ഒരാൾ കാലിന് ഗുരുതരമായി പരുക്കേറ്റ് വിളിയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികില്‍സയിലാണ്. 

ENGLISH SUMMARY:

A woman and a man were arrested in Palakkad for attempting to trap an astrologer in a honey trap under the guise of a ritual. Police investigations revealed links to a criminal.