രാജ്യത്ത് ബാങ്ക് തട്ടിപ്പുകള്‍ 300 ശതമാനം വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. എന്നാല്‍ വെട്ടിച്ച പണത്തിന്റെ അളവ് പകുതിയായി കുറഞ്ഞു. 2023–24 സാമ്പത്തികവര്‍ഷം 36,075 ബാങ്ക് തട്ടിപ്പ് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. തൊട്ടുമുന്‍വര്‍ഷം ഇത് 9,046 ആയിരുന്നു. എന്നാല്‍ തട്ടിയെടുത്ത പണം 45,358 കോടി രൂപയില്‍ നിന്ന് 13,930 കോടിയായി കുറഞ്ഞു. 46.7 ശതമാനത്തിന്റെ കുറവ്.
കഴിഞ്ഞ മൂന്നുവര്‍ഷം ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സ്വകാര്യബാങ്കുകളാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം നഷ്ടമായത് പൊതുമേഖലാ ബാങ്കുകള്‍ക്കും. തട്ടിപ്പുകളുടെ എണ്ണം കൂടുതല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളിലും ഇന്റര്‍നെറ്റ് ഇടപാടുകളിലുമാണ്. ഇതില്‍ ഏറെയും സ്വകാര്യബാങ്കുകളിലാണ്. എന്നാല്‍ വലിയതോതില്‍ പണം നഷ്ടമായത് വായ്പതട്ടിപ്പുകള്‍ വഴിയാണ്. ഭൂരിപക്ഷവും പൊതുമേഖലാ ബാങ്കുകളില്‍.
ഡിജിറ്റല്‍/ഇന്റര്‍നെറ്റ് പണം തട്ടിപ്പുകള്‍ 2022ല്‍ 3,596 ആയിരുന്നത് പുതിയ റിപ്പോര്‍ട്ടില്‍ 29,082 ആയി ഉയര്‍ന്നു. വെട്ടിച്ച തുക 155 കോടി രൂപയില്‍ നിന്ന് 1,457 കോടിയായി വര്‍ധിച്ചു. ബാങ്ക്, ഡിജിറ്റല്‍ തട്ടിപ്പുകള്‍ കണ്ടെത്താന്‍ വളരെ സമയമെടുക്കുന്നുവെന്ന നിര്‍ണായക പരാമര്‍ശവും ആര്‍ബിഐ റിപ്പോര്‍ട്ടിലുണ്ട്. പുതിയ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാങ്ക് തട്ടിപ്പുകളില്‍ പലതും മുന്‍സാമ്പത്തിക വര്‍ഷങ്ങളിലേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം.