മഹരാഷ്ട്രയിൽ സർക്കാർ വകുപ്പിൽ കരാർ ജീവനക്കാരൻ നടത്തിയത് 21 കോടി രൂപയുടെ തട്ടിപ്പ്. 13,000 രൂപ മാസ ശമ്പളക്കാരൻ തട്ടിയെടുത്ത പണം ഉപയോഗിച്ച് കാമുകിക്ക് ബിഎംഡബ്ലു കാറും 4 ബിഎച്ച്കെ ഫ്ലാറ്റും ഡയമണ്ട് പതിപ്പിച്ച ഗ്ലാസും സമ്മാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കായിക വകുപ്പിലെ കരാർ ജീവനക്കാരനായ ഹർഷ് കുമാർ ക്ഷീരസാഗറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ഇയാളും മറ്റൊരു താൽകാലിക ജീവനക്കാരനും കരാർ തൊഴിലാളിയുടെ ഭർത്താവും തട്ടിപ്പിന് പിന്നിലുണ്ട്.
ഡിപ്പാർട്ട്‌മെൻ്റൽ സ്‌പോർട്‌സ് കോംപ്ലക്‌സ് അഡ്മിനിസ്‌ട്രേഷനിൽ കരാർ തൊഴിലാളികളാണിവർ. ഇൻ്റർനെറ്റ് ബാങ്കിംഗ് വഴിയാണ് സംഘം തുക തട്ടിയെടുത്തത്. ഇന്ത്യൻ ബാങ്കിൽ സ്പോർട്സ് കോംപ്ലക്സിന്റെ പേരിൽ ആരംഭിച്ച അക്കൗണ്ട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. സർക്കാറിൽ നിന്നുള്ള ഫണ്ട് വരുന്ന അക്കൗണ്ടാണിത്. ഈ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഡെപ്യൂട്ടി സ്പോർട്സ് ഡയറക്ടറുടെ ഒപ്പിട്ട ചെക്ക് ആവശ്യമാണ്.
എന്നാൽ കരാർ ജീവനക്കാർ വ്യാജ രേഖകൾ നൽകി അക്കൗണ്ടിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്. ആറു മാസത്തിന് ശേഷമാണ് തട്ടിപ്പ് കണ്ടെത്താനായത്. 13,000 രൂപ ശമ്പളക്കാരനായിരുന്ന ഇയാളുടെ ജീവിതശൈലി അന്വേഷണത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. ഇതിൽ ജീവനക്കാരിയുടെ ഭർത്താവ് 35 ലക്ഷം രൂപയുടെ എസ്‍യുവി വാങ്ങിയതും അന്വേണത്തിന്റെ ഭാഗമായി. കേസിലെ പ്രധാന പ്രതി ഹർഷ് കുമാർ ഒളിവിലാണ്.