സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഹൈറിച്ച് പകർത്തിയത് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ തട്ടിപ്പിന്റെ മാതൃക. ക്രിപ്റ്റോ ക്വീൻ റുജ ഇഗ്‌നത്തോവയുടെ വൺകോയിൻ തട്ടിപ്പുമായി ഹൈറിച്ചിന് സമാനതകളേറെ. വണ്‍കോയിന്‍ പോലെ ഹൈറിച്ചിന്‍റെ എച്ച്ആര്‍ കോയിനും വ്യാജ ക്രിപ്റ്റോയെന്ന് ഇഡി കണ്ടെത്തി. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച കോടികള്‍ പ്രതാപനും കൂട്ടരും അവരുടെ സ്വകാര്യ ക്രിപ്റ്റോ വോലറ്റുകളിലേക്ക് മാറ്റിയെന്നും ഇഡിയുടെ കണ്ടെത്തല്‍. 

ബിറ്റ് കോയിന്‍ കില്ലര്‍ എന്ന പേരില്‍ വണ്‍ കോയിനെന്ന വ്യാജ ക്രിപ്റ്റോ കറന്‍സിക്ക് പ്രചാരം നല്‍കി 175 രാജ്യങ്ങളിൽ നിന്നായി ബൾഗേറിയക്കാരി റുജ ഇഗ്നത്തോവ തട്ടിയത് ഒരുലക്ഷം കോടി രൂപ.കോടികള്‍ മുടക്കി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ധനികന്‍മാരെ പങ്കെടുപ്പിച്ച് കോയിന്‍ റഷ് എന്ന പേരില്‍ സമ്മേളനങ്ങള്‍ നടത്തി നിക്ഷേപകരെ ആകര്‍ഷിച്ചായിരുന്നു തട്ടിപ്പ്.  അവിടെ വണ്‍ കോയിന്‍ എങ്കില്‍ ഇവിടെ എച്ച്ആര്‍ കോയിന്‍. 

കൂടുതല്‍ ഇടപാടുകാരെ ചേര്‍ക്കുന്ന വൺകോയിന്റെ 'പിരമിഡ് മാതൃക' പിന്തുടർന്ന  ഹൈറിച്ച് ഇടപാടുകാരെ എത്തിച്ചാൽ വാഗ്ദാനം ചെയ്തിരുന്നത് 30 മുതൽ 500ശതമാനംവരെ ലാഭം. ഒരു കോയിനിന് 160രൂപ വിലയിട്ട് ആയിരകണക്കിന് നിക്ഷേപകരിൽ നിന്ന് ഹൈറിച്ച് സമാഹരിച്ചത് കോടികള്‍. ഈ പണം പ്രതാപനും കൂട്ടരും മറ്റ് ക്രിപ്റ്റോ നിക്ഷേപങ്ങളാക്കി മാറ്റി. പ്രതാപന്റെയും കമ്പനിയുടെയും പേരിൽ 11 ക്രിപ്റ്റോ വാലറ്റുകളെന്നാണ് കണ്ടെത്തൽ. പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് "ബിനാൻസിലെ" മൂന്ന് അക്കൗണ്ടുകളിലേക്ക് ഇത് പിന്നീട് മാറ്റി. 

ഹൈറിച്ചിന്റെ എച്ച്ആർ കോയിനും വൺകോയിൻ പോലെ വ്യാജ ക്രിപ്റ്റോയെന്ന് ഇഡി കണ്ടെത്തി. പ്രതാപനും കൂട്ടരും മറച്ചുവെച്ച വിവരങ്ങള്‍ എക്കണോമിക് ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയാണ് ഇഡി കണ്ടെത്തിയത്. ദുരൂഹ ക്രിപ്റ്റോ ഇടപാടുകളുടെ ഇഴകീറി പരിശോധനയ്ക്കായി പ്രതാപനെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനൊരുങ്ങുകയാണ് ഇഡി.

ENGLISH SUMMARY:

Compulsive Ponzi player? Highrich promoter floated fresh entity two months after ED raid