High court of Kerala

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ  പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്. അന്വേഷണം പൂർത്തിയാക്കാൻ യഥാർഥ രേഖകൾ ആവശ്യമാണെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. രണ്ട് മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്. 

കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നത് 2021 ജൂലൈ 21ന്. തൊട്ടടുത്ത മാസം ഇ.ഡി കേസ് റജിസ്റ്റർ ചെയ്തു. ബാങ്കിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കുന്നത് 2022 ഓഗസ്റ്റ് 10ന്. ഇതിനും ഒരു വർഷം കൂടി കഴിഞ്ഞ് സിപിഎം നേതാവടക്കമുള്ള പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തതിനുശേഷമാണ് രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമീപിക്കുന്നത്. ഈ കാലതാമസമാണ് രേഖകൾ വിട്ടുനൽകണമെന്ന ഹർജിയെ എതിർത്ത്  ഇഡി പ്രധാനമായും ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയത്. 

എന്നാൽ അന്വേഷണം മുന്നോട്ട് പോകാൻ യഥാർഥ രേഖകളുടെ ഫോറൻസിക് പരിശോധന ആവശ്യമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് രേഖകൾ വിട്ടു നൽകാൻ ജസ്റ്റിസ് കെ.ബാബു ഉത്തരവിട്ടത്. ഫൊറൻസിക് പരിശോധനയ്ക്ക് രേഖകൾ വിട്ടുനൽകിയാൽ തിരികെ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്ന് ഇഡി  ചൂണ്ടിക്കാട്ടിയിരുന്നു. വാദം പരിഗണിച്ച കോടതി രണ്ടുമാസത്തിനകം പരിശോധന പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു. പരിശോധനയ്ക്ക് കൂടുതൽ സമയം വേണമെങ്കിൽ ലാബിന് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

കരുവന്നൂരിൽ ഇ.ഡി. അന്വേഷിക്കുന്ന കേസിന്റെ ആധാരം ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആർ ആണെന്നും, ഇതിൽ കുറ്റപത്രം സമർപ്പിക്കണമെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യമാണ് എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ ആവശ്യവുമായി ഇ.ഡിയെ സമീപിച്ചെങ്കിലും ഇതിന് അനുകൂലമായല്ല പ്രതികരിച്ചത്. രേഖകൾ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡി കോടതിയിൽ നൽകിയ 90 രേഖകൾ കൈമാറണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.  

ENGLISH SUMMARY:

Karuvannur: The seized documents should be handed over to the crime branch