സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. എംടിയുടെ വീട്ടിലെ പാചകക്കാരി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ആഴ്ചയാണ് അലമാരയില്‍ സൂക്ഷിച്ച 26 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍  മോഷണം പോയത്.

 

അഞ്ചുവര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് കരുവിശേരി സ്വദേശിയായ ശാന്ത. എംടിയുടെ  കുടുംബവുമായുള്ള ബന്ധം മുതലെടുത്തായിരുന്നു മോഷണം. ബാങ്ക് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണം അലമാരയിലുള്ളത് ശാന്തയ്ക്ക് അറിവുണ്ടായിരുന്നു. തുടര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കനായി സഹായിച്ചത് പ്രകാശനായിരുന്നു. ശാന്തയുടെ അകന്ന ബന്ധു കൂടിയാണ് പ്രകാശന്‍. ഇന്ന് രാവിലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

 

സാമ്പത്തിക പ്രശ്നം കാരണമാണ് മോഷണം നടത്തിയതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞു. വീട് കുത്തിതുറന്നായിരുന്നില്ല മോഷണം. അതുകൊണ്ട് തന്നെ കുടുംബവുമായി അടുത്ത പരിചയമുള്ളവര്‍ ആകാനാണ് സാധ്യതെയന്ന് പൊലീസിന് തുടക്കം മുതല്‍ തന്നെ സംശയമുണ്ടായിരുന്നു. വജ്രവും മരതകവും ഉള്‍പ്പെടെ 15 ലക്ഷം രൂപയോളം വില വരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. 

ENGLISH SUMMARY:

Burglary at MT Vasudevan Nair's house; Cook and relative in custody