Image: www.interpol.int

Image: www.interpol.int

ലോകവ്യാപകമായി വല വിരിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്രിമിനല്‍ സംഘങ്ങളെ പിടികൂടാന്‍ ഇന്‍റര്‍പോള്‍ നടത്തിയ ഓപറേഷന്‍ ജക്കാളില്‍ പിടികൂടിയത് കോടികള്‍. 21 രാജ്യങ്ങളിലായി ഏപ്രില്‍ പത്തിനാരംഭിച്ച ദൗത്യം ജൂലൈ മൂന്നിനാണ് ഇന്‍റര്‍പോള്‍ സംഘം പൂര്‍ത്തിയാക്കിയത്. ബ്ലാക് ആക്സ് പോലുള്ള സാമ്പത്തിക തട്ടിപ്പുവീരന്‍മാരായിരുന്നു ലക്ഷ്യം. 

operation-jackal

Image: www.interpol.int

ഓണ്‍ലൈനായും അല്ലാതെയും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കേന്ദ്രമാക്കി തട്ടിപ്പുനടത്തുന്ന സംഘങ്ങളെ തിരഞ്ഞിറങ്ങിയ ഇന്‍റര്‍പോളിന് ഉന്നം തെറ്റിയില്ല. മുന്നൂറോളം പേരെയാണ് ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തത്. 400ലേറെപ്പേരെ സംശയപ്പട്ടികയില്‍പ്പെടുത്തി നിരീക്ഷിച്ച് വരികയാണ്. 720 ഓളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു.  മൂന്ന് ദശലക്ഷം ഡോളര്‍ (ഏകദേശം– 24.66 കോടി രൂപ) വിലമതിക്കുന്ന സ്വത്തുക്കളും, ക്രിപ്റ്റോ കറന്‍സികളടക്കമുള്ളവയാണ് പിടികൂടിയതെന്ന് ഇന്‍റര്‍പോളിന്‍റെ സാമ്പത്തിക തട്ടിപ്പ്– അഴിമതി വിരുദ്ധ സേന സംഘത്തലവന്‍ ഇസാഖ് ഒഗ്നി അറിയിച്ചു. 

പടിഞ്ഞാറന്‍ ആഫ്രിക്ക കേന്ദ്രമാക്കി വളര്‍ന്നുവരുന്ന ഇത്തരം സംഘങ്ങള്‍ ലോകത്തിന് തന്നെ ഭീഷണിയാണെന്നും നാള്‍ക്കുനാള്‍ ഇവ വളര്‍ന്നു വരികയാണെന്നും ഇന്‍റര്‍പോള്‍ പറയുന്നു. ഇത്തരം ക്രിമിനല്‍ സംഘങ്ങളെ തടയുന്നതിനായി രാജ്യാന്തര നിയമങ്ങള്‍ തന്നെ രൂപീകരിക്കണമെന്നും കൂട്ടായ പ്രയത്നത്തിലൂടെ മാത്രമേ ഇതിന് അവസാനം വരുത്താന്‍ സാധിക്കുകയുള്ളൂവെന്നും ഒഗ്നി വ്യക്തമാക്കി. പ്രതികളെ തിരിച്ചറിയുകയും അനധികൃത അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വ്യാപക അറസ്റ്റ് നടത്തുകയും ചെയ്തത് വഴി ഇത്തരം സംഘങ്ങളുടെ സ്വാധീനം കുറയ്ക്കാനും കടുത്തനടപടികളുണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം സംഘങ്ങള്‍ ഇനി കരുത്താര്‍ജിക്കാതിരിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ആരാണ് 'ബ്ലാക് ആക്സ് '

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കുപ്രസിദ്ധ തട്ടിപ്പ് സംഘമാണ് ബ്ലാക് ആക്സ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങി ലഹരിമരുന്ന്, മനുഷ്യക്കടത്ത് എന്നിവയിലേക്ക് വരെ ബ്ലാക്ക് ആക്സിന്‍റെ സ്വാധീനവലയം വ്യാപിച്ച് കിടക്കുന്നു. അഞ്ച് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മാത്രമാണ് അര്‍ജന്‍റീനയില്‍ നൈജീരിയന്‍ തട്ടിപ്പുസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞത്. കള്ളനോട്ടടിയായിരുന്നു സംഘത്തിന്‍റെ പ്രധാന 'തൊഴില്‍'. ഒരു ദശലക്ഷത്തിലേറെ യുഎസ് ഡോളറാണ് സംഘാംഗങ്ങളുടെ പക്കല്‍ നിന്നും ഇന്‍റര്‍പോളും പൊലീസും ചേര്‍ന്ന സംഘം പിടികൂടിയത്. ഓപറേഷന്‍ ജക്കാള്‍ IIIന്‍റെ ഭാഗമായി അര്‍ജന്‍റീനയില്‍ നിന്ന് മാത്രം 100ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 72 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  ലോകത്തെ നാല്‍പതിലേറെ രാജ്യങ്ങളിലാണ് ബ്ലാക് ആക്സ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന തട്ടിപ്പുശൃംഖല അതിവിദഗ്ധരായ കുറ്റവാളികളാണ് നിയന്ത്രിക്കുന്നതെന്നും ഇന്‍റര്‍പോള്‍ പറയുന്നു. 

interpol-search

ക്രിപ്റ്റോ ഇടപാടുകള്‍

യൂറോപ്പിലാണ് തട്ടിപ്പുസംഘങ്ങള്‍ വ്യാപകമായി ക്രിപ്റ്റോ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയത്. പോര്‍ച്ചുഗലില്‍ നിന്ന് മാത്രം നൈജീരിയന്‍ തട്ടിപ്പ് സംഘത്തിലെ 25 ഏജന്‍റുമാരെയാണ് അന്വേഷണ സംഘം 'പൊക്കി'യത്. തട്ടിപ്പുസംഘത്തിന്‍റെ ഓഫിസുകളില്‍ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പിന്‍റെ 'നെറ്റ്‌വര്‍ക്ക് ' കൂടുതല്‍ വെളിപ്പെട്ടത്. വലിയ തുകകളാണ് നൈജീരിയയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഘം നിക്ഷേപിച്ചിരുന്നതെന്നും ക്രിപ്റ്റോ ഇടപാടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

പൊലീസ്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം, സ്വത്ത്  തിരിച്ചുപിടിക്കല്‍ വകുപ്പ് എന്നിവയ്ക്ക് പുറമെ അര്‍ജന്‍റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മന, ഇന്തൊനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, മലേഷ്യ, നെതര്‍ലന്‍ഡ്സ്, നൈജീരിയ, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സ്​സര്‍ലന്‍ഡ്, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലെ  സ്വകാര്യ അന്വേഷണ ഏജന്‍സികളുമായി കൂടി സഹകരിച്ചാണ് ഇന്‍റര്‍പോള്‍ ഓപറേഷന്‍ ജക്കാള്‍ III പൂര്‍ത്തിയാക്കിയത്. 

ENGLISH SUMMARY:

INTERPOL's operation targeting West African organized crime groups, including Black Axe, has led to hundreds of arrests, the seizure of assets worth USD 3 million, and the dismantling of multiple criminal networks around the world.