ഓൺലൈൻ തട്ടിപ്പ് കേസിൽ രണ്ട് മലയാളികളെ ചെന്നൈ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശികളായ നിതിൻ ജോസഫ്, റമീസ് എന്നിവരാണ് പിടിയിലായത്. കേരളത്തിലെത്തിയായിരുന്നു അറസ്റ്റ്. ലഹരി മരുന്ന് കൊറിയറിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ബന്ധപ്പെടുകയും പിന്നീട് സൈബർ ക്രൈം ഓഫിസർ എന്ന വ്യാജേന പണം തട്ടുകയുമായിരുന്നു ഇവരുടെ രീതി.
ഫെഡെ എക്സ് കൊറിയറിലെ ജോലിക്കാരാണെന്ന് പറഞ്ഞാണ് പ്രതികൾ ഇരകളെ സമീപിക്കുന്നത്. ആധാർ നമ്പർ വഴി ബുക്ക് ചെയ്ത കൊറിയർ എത്തിയിട്ടുണ്ടെന്നും അതിൽ ലഹരിമരുന്നാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. തുടർന്ന് സൈബർ ക്രൈം ഓഫിസർ എന്ന് പറഞ്ഞ് ഒരാളെ ഇവർക്ക് പരിചയപ്പെടുത്തും. അക്കൗണ്ടുകളിലുള്ളത് കള്ളപ്പണമാണോയെന്ന് സംശയമുണ്ടെന്നും അറസ്റ്റ് വാറണ്ട് ഉടൻ അയയ്ക്കുമെന്നും പറഞ്ഞാണ് പണം തട്ടാനുള്ള ഭീഷണിപ്പെടുത്തൽ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചശേഷം തട്ടിപ്പുകാർ നിർദേശിച്ച അക്കൗണ്ടിലേക്ക് പണം ഉടനെ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടും. ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്ത പണം അന്വേഷണത്തിന് ശേഷം കള്ളപ്പണമല്ലെന്ന് മനസിലായാൽ തിരിച്ചുതരുമെന്നും വിശ്വസിപ്പിച്ചു. പിന്നീട് ഒരു വിവരവും ഇല്ലാതായതോടെയാണ് തട്ടിപ്പിനിരയായവർ പൊലീസിനെ ബന്ധപ്പെട്ടത്. കോൾ വിവരങ്ങളും ബാങ്ക് ട്രാൻസാക്ഷനുകളും പരിശോധിച്ചശേഷമാണ് കേരളത്തിലുള്ളവരാണ് പ്രതികളെന്ന് കണ്ടെത്തിയത്.
പ്രതികളെ സേതാപെട്ട് ക്രിമിനൽ കോടതിയിൽ ഹാജരാക്കി. പരിചിതമല്ലാത്ത നമ്പറുകളിലുള്ളവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു കാരണവശാലും അപരിചിതർക്ക് ബാങ്ക് വിവരങ്ങൾ അടക്കമുള്ളവ നൽകരുതെന്നും പൊലീസ് പറഞ്ഞു