TOPICS COVERED

അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാങ്ക് മുൻ സെക്രട്ടറി ബിജു.കെ ജോസിനെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോൺഗ്രസ്സ് ഭരണ സമിതിയിൽ ഉള്ള ബാങ്ക് തട്ടിപ്പിൽ ജപ്തി നടപടികൾക്ക് ജില്ലാ  ജോയിന്റ് റജിസട്രാര്‍ ഉത്തരവിട്ടിരുന്നു 

അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിൽ രണ്ടാമത്തെ ആളാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പിടിയിലാകുന്നത്. ബാങ്ക് അക്കൗണ്ടന്റിന് പുറമെ മുൻ സെക്രട്ടറി ബിജു കെ ജോസിനെയാണ് അന്വഷണ സംഘം അറസ്റ്റ്  ചെയ്തത്. ബാങ്കിലെ 96 കോടി രൂപയുടെ തട്ടിപ്പിന് വ്യാജ രേഖ നിർമ്മിച്ചതും വായ്പ അനുവദിച്ചുള്ള രേഖകളിൽ ഒപ്പിടുകയും ചെയ്തത് ബിജുവാണ്. ബാങ്കിന്റെ ബോർഡ് മെമ്പർ മാരായ മൂന്ന് പേരെ സഹകരണ സംഘം ജില്ലാ ജോയിന്റ് റജിസ്ട്രർ അയോഗ്യരാക്കികൊണ്ട് ഉത്തരവും ഇറക്കി. ഭരണ സമിതി അംഗങ്ങൾ ആയ ti.പി ജോർജ്,എം വി സെബാസ്റ്റിയൻ, വൈശാഖ് എസ് ദർശൻ എന്നിവരെയാണ് അയോഗ്യരാക്കിയത്. 

അതിനിടെ ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാതിരുന്നവരുടെ വസ്തുക്കൾ ജപ്തി ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.പി ജോര്‍ജിന്‍റെയും ഭാര്യയുടെയും വസ്തുക്കള്‍ ഇതില്‍പെടും. അന്തരിച്ച ബാങ്ക് പ്രസിഡന്‍റ് പി ജി പോളിന്‍റെ പേരിലുള്ള സ്വത്തുക്കളും, പോളുമായി ഭൂമി ഇടപാട് നടത്തി പണം വാങ്ങുകയും ആധാരം റജിസ്റ്റര്‍ ചെയ്ത് നല്‍കാതിരുന്നവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനും നടപടി ആരംഭിച്ചു. 

പണം അടയ്ക്കാനായി ഇവര്‍ക്ക് നല്‍കിയ സാവകാശം ഈ മാസം അവസാനിക്കും. ബാങ്കില്‍ നിന്ന് വ്യാജ വായ്പ എടുത്തവരുടെയും തിരച്ചടക്കാത്തവരുടെയും പേരില്‍ ക്രൈംബ്രാഞ്ച് ക്രിമിനല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളെയും വൈകാതെ അറസ്റ്റ് ചെയ്യാനാണ് അന്വഷണ സംഘത്തിന്റെ നീക്കം. 1500ഓളം നിക്ഷേപകരുള്ള അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കില്‍ 126 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. 

ENGLISH SUMMARY:

One more person arrested in Angamaly Urban Cooperative Bank fraud