തൃശൂരിലെ ആഭരണനിര്‍മാണശാലയിലെ റെയ്ഡില്‍ 1000 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. അഞ്ചു വര്‍ഷമായി രേഖകളൊന്നുമില്ലാതെയായിരുന്നു ഇടപാട് . വിറ്റുവരവ് മറച്ചുവച്ചാണ് നികുതി വെട്ടിച്ചത്. മാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനത്തില്‍ രണ്ടുകോടി മാത്രമാണ് കണക്കില്‍ ഉള്ളത്. സമഗ്രപരിശോധനയ്ക്ക് പ്രത്യേകസംഘത്തെ നിയോഗിച്ചു.
തൃശൂരില്‍ ജി.എസ്.ടി. ഇന്‍റലിജലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ കണക്കില്‍പ്പെടാത്ത നൂറ്റിയെട്ടു കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. നികുതിവകുപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിശോധനകൂടിയായിരുന്നു ഇത് . സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 650 ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.30നാണ് റെയ്ഡ് ആരംഭിച്ചത് . തൃശൂരിലെ 77 സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഒരേസമയം പരിശോധന നടത്തി. രാത്രി മുഴുവന്‍ നീണ്ട പരിശോധന പൂര്‍ത്തിയായത്
പിറ്റേന്ന് ഉച്ചതിരിഞ്ഞ് നാലരയോടെയാണ്. 108 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതിന് ഏകദേശം 78കോടിരുപ വിലമതിക്കും. അഞ്ചേമുക്കാല്‍ കോടിരുപയാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത് . പിഴയൊടുക്കിയാല്‍ മാത്രമേ സ്വര്‍ണം മടക്കി നല്‍കൂ. ഒപ്പം സ്വര്‍ണത്തിന്‍റെ കണക്ക് കാണിക്കുകയും വേണം. അതി കഴിഞ്ഞില്ലെങ്കില്‍ സ്വര്‍ണം സര്‍ക്കാര്‍ കണ്ടുകെട്ടും. കണക്ക് കാണികാതെ ആഭരണം നിര്‍മിച്ച് വിറ്റവരാണ് കുടുങ്ങിയത്.
ആറുമാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജി.എസ്.ടി. കമ്മിഷണര്‍ എബ്രഹാം റെന്നിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ റെയ്ഡ് നടന്നത് . ജിഎസ്ടി വകുപ്പിലെ നാലുദ്യോഗസ്ഥര്‍ മാത്രമാണ് റെയ്ഡ് ആസുത്രണം ചെയ്ത സംഘത്തിലുണ്ടായിരുന്നത്. വിവരം ചോരില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത് . പരിശോധന നടത്തേണ്ടവരുടെ പട്ടിക നേരത്തെ തയാറാക്കി. 650 ഉദ്യോഗസ്ഥരേയും ഒന്നിച്ചു വിളിച്ചു വരുത്തുന്നത് റെയ്ഡിനാണെന്ന് പറയുമ്പോള്‍ ചോരുമെന്ന് ഉറപ്പായിരുന്നു. ഇതു മറികടക്കാന്‍ സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങിനെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. തൃശൂരില്‍ എത്തിയ ശേഷം വിനോദസഞ്ചാരികളെന്ന വ്യാജേന ബസില്‍ വിവിധയിടങ്ങളിലേക്ക് യാത്ര പുറപ്പെട്ടു. പരിശോധന നടത്തി.
സ്വര്‍ണാഭരണ വ്യവസായത്തിന്‍റെ തലസ്ഥാനമെന്ന പെരുമയുണ്ട് തൃശൂരിന്. ഒട്ടേറ സ്ഥാപനങ്ങളും നൂറുകണക്കിന് തൊഴിലാളികളുമാണ് ഇവിടെ ആഭരണ നിര്‍മാണ മേഖലയിലുള്ളത് .