ഹേമ കമ്മിറ്റി റിപ്പോർട്ട്  പുറത്തു വിടുന്നതിൽ വിവരാവകാശ കമ്മിഷനിൽ തർക്കം രൂക്ഷം. സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടണമോയെന്നു  ഒറ്റയ്ക്കു തീരുമാനമെടുക്കേണ്ടെന്നു വിവരാവകാശ കമ്മിഷണറോടു മുഖ്യ വിവരാവകാശ കമ്മിഷണർ. തീരുമാനമെടുക്കാൻ  മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതികൾ കേട്ടതും തീരുമാനമെടുത്തതും വിവരാവകാശ കമ്മിഷണറായ എ.അബ്ദുൾ ഹക്കമായിരുന്നു. സർക്കാർ പുറത്തു വിടാമെന്നറിയിച്ച ഭാഗങ്ങൾ പിന്നീട് വെട്ടിയതിൽ അപ്പീൽ കേട്ടതും ഹക്കിമായിരുന്നു. ഉത്തരവിടാൻ തീരുമാനിച്ച ഡിസംബർ 7 നാണ് ട്വിസ്റ്റ് ഉണ്ടായത്. പിന്നീട് ഒരു പരാതി കൂടിയെത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് മുഖ്യ വിവരാവകാശ കമ്മിഷണർ തടഞ്ഞത്.

പിന്നീട് ഹക്കിമിൽ നിന്നും ഹേമ കമ്മിറ്റി സംബന്ധിച്ച ചുമതലകൾ മാറ്റി. പകരം മുഖ്യ വിവരാവകാശ കമ്മിഷണറും, ഹക്കിമും ഉൾപ്പെടെയുള്ള മൂന്നംഗ കമ്മിറ്റിയിലേക്ക് പരാതിയും ഹിയറിങ്ങുമെല്ലാം മാറ്റി. അതായത് കഴിഞ്ഞ തവണ സ്വീകരിച്ചതു പോലെ റിപ്പോർട് പുറത്തുവിടണമോ വേണ്ടയോ എന്നതിൽ ഹക്കിമിനു  സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാൻ കഴിയില്ല. മുൻ നിയമ സെക്രട്ടറി കൂടിയാണ് മുഖ്യ വിവരാവകാശ കമ്മിഷണറായ ഹരി പി.നായർ. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വരുന്നതും അനിശ്ചിതത്വത്തിലായി.

ENGLISH SUMMARY:

The dispute intensifies in the Right to Information Commission over releasing the Hema Committee report