dwaraka

TAGS

 

 

നീരവ് മോദിക്കും വിക്രം കോത്താരിക്കും പിന്നാലെ കൂടുതല്‍ ബാങ്ക് തട്ടിപ്പ് കേസുകള്‍ റജിസ്ട്രര്‍ ചെയ്തു. 390 കോടി തട്ടിപ്പ് നടത്തിയ കേസില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് ഇന്‍റര്‍നാഷണല്‍ കമ്പനിക്കെതിരെയാണ് സിബിഐ കേസെടുത്തത്.  അതേസമയം  പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതികളായ  നീരവ് മോദിയുടെയും മേഹുല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് റദ്ദാക്കി. നീരവിന്‍റെ  524കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി. 

 

2007 2012 കാലയളവില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കോടികള്‍ തട്ടിപ്പ് നടത്തിയെന്ന ഒാറിയന്‍റല്‍ ബാങ്ക് ഒാഫ് കോമേഴ്സിന്‍റെ പരാതിയിലാണ് ദ്വാരക ദാസ് കമ്പനിക്കെതിരെ നടപടിയെടുത്തത്. ആഭരണം നിര്‍മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന കമ്പനി ഒരു രൂപപോലും തിരിച്ചടച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

 

കമ്പനിയുടെ ഡരക്ടര്‍മാരായ സഭ്യാ സേത്, റീതാ സേത് എന്നിവര്‍ ഒളിവിലാണ്. അതിനിടെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാരി അമിത് സിഗ്ല പത്തുകോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ബാങ്ക് ഒാഫ് മഹാരാഷ്ട്ര സി.ബി.ഐയെ സമീപിച്ചു. അതിനിടെ നീരവ് മോദിക്കെതിരെ എന്‍ഫോഴ്സമെന്‍റ് നടപടികള്‍ ഊര്‍ജിതമാക്കി. മുംബൈ, പുണെ, അലിബാഗ്, അഹമ്മദ് നഗര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി.