തിരുവനന്തപുരം പൂന്തുറയില്‍ കോടികളുടെ മണിചെയിന്‍ തട്ടിപ്പെന്ന് പരാതി. പെരുമ്പാവൂര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള കമ്പനിയില്‍ ഓണ്‍ലൈന്‍ ഇടപാടിലൂെട ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. പൂന്തുറയ്ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ആയിരത്തി അഞ്ഞൂറോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.
പൂന്തുറയിലെ അമ്പതോളം വരുന്ന യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കനേഡിയന്‍ കമ്പനിയെന്ന പരിചയപ്പെടുത്തിയ കാമിനോ ഇന്റര്‍നാഷണല്‍ കമ്പനിയിലേക്ക് ഓണ്‍ലൈന്‍ വഴി പണം കൈമാറിയവരാണിവര്‍.
പതിനായിരം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 180 രൂപവെച്ച് ഇരുന്നൂറ് ദിവസം നല്‍കുമെന്നതായിരുന്നു കമ്പനിയുടെ വാഗ്ദാനം. കമ്പനിയില്‍ കൂടുതല്‍ പേരെ ചേര്‍ത്താല്‍ പത്ത് ശതമാനം വീതം കമ്മീഷനും ലഭിക്കും. നവംബറില്‍ തുടങ്ങിയ ഇടപാടില്‍ ആദ്യ ഒന്ന് രണ്ട് മാസം കൃത്യമായി പണം ലഭിച്ചതോടെ നാട്ടിലുള്ള കൂടുതല്‍പേര്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച് തുടങ്ങി.
വാട്സാപ്പ് ഗ്രൂപ്പ് വഴി ആശയവിനിമയം നടത്തുകയും കോയമ്പത്തൂരിലെ ബാങ്കിലേക്ക് പണം ഇട്ട് നല്‍കുന്നതുമായിരുന്നു രീതി. പത്താം തീയതിയോടെ പണം ലഭിക്കാതായി. നടത്തിപ്പുകാരെല്ലാം മുങ്ങുകയും ചെയ്തു.
പെരുമ്പാവൂര്‍ സ്വദേശിയും ബന്ധുക്കളുമാണ് തട്ടിപ്പുകാരെന്നും പറയുന്നു. തട്ടിപ്പിന് ഇരയായവര്‍ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയപ്പോള്‍ ആയിരത്തോളം പേര്‍ അതില്‍ അംഗങ്ങളായതിനാല്‍ കോടികളുടെ തട്ടിപ്പെന്നാണ് വിലയിരുത്തുന്നത്.