കല്യാണവീട്ടിൽ മണിയറയിൽ അതിക്രമം കാണിച്ചത് ചോദ്യം ചെയ്തയാളെ മർദിച്ച കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. പന്താരങ്ങാടി കഴുങ്ങുംതോട്ടത്തിൽ ഫവാസ് (24), കഴുങ്ങുംതോട്ടത്തിൽ സൈനുദ്ദീൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പന്താരങ്ങാടി പതിനാറുങ്ങൽ പൂച്ചേങ്ങൽ കുന്നത്ത് മൊയ്തീൻകുട്ടിയുടെ മകൻ ജാഫറിന്റെ (35) പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ 19 നായിരുന്നു സംഭവം. ജാഫറിന്റെ സഹോദരന്റെ കല്യാണത്തിന് മണിയറയിൽ കയറിയ സംഘം ഉണക്ക മീനും ചീഞ്ഞ കോഴിമുട്ടയും എസിയിലും കിടക്കയിലും വച്ചതായും ഉണക്കമീൻ കലക്കിയ വെള്ളം കിടക്കയിൽ ഒഴിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ചോദിക്കാൻ പോയ ജാഫറിനെ സംഘം മർദിക്കുകയായിരുന്നു. കേസിൽ 10 പേരെക്കൂടി പിടികിട്ടാനുണ്ടെന്ന് എസ്ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.