mathayi-funeral

പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിച്ചു. മത്തായി മരിച്ച്  നാല്‍പ്പതാം ദിവസമാണ് മൃതദേഹം ഇന്ന് നാലരയോടെ കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിച്ചത്. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. 

 

കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ഏറ്റുവാങ്ങി ഒടുവിൽ മടക്കം. നീതിക്കുവേണ്ടി 40 ദിവസം കാത്തുവച്ച മൃതദേഹം വൻ‍ ജനാവലിയുടെ സാന്നിധ്യത്തിൽ നാലരയോടെ കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിച്ചു. രണ്ടാം പോസ്റ്റുമോര്‍ട്ടത്തിനുശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പ്രത്യേക പ്രാർഥനയ്ക്കുശേഷം ആംബുലൻസിലേക്കു മാറ്റി. മത്തായിയുടെ ഭാര്യ ഷീബയും ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാനെത്തി. തുടർന്ന്  വിലാപയാത്രയായോടെ മൃതദേഹം വീട്ടിലേയ്ക്ക്. 12 മണിയോടെ അരീക്കക്കാവിലെ വീട്ടിലെത്തിച്ചു. 

 

രണ്ടാം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം സിബിഐ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തത്.  സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പുറമെ രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണ് മൃതദേഹം സംസ്കരിക്കാന്‍ കുടുംബാംഗങ്ങൾ തയാറായത്. പൊലീസ് ഇന്‍ക്വസ്റ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പരുക്ക് സിബിഐ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായേക്കാന്‍ സാധ്യതയുണ്ട്. ജൂലൈ 28നാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് മത്തായി കൂടുബവീടിനുസമീപമുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.