ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. രണ്ട് കിലോ ഹഷീഷ് ഓയില്‍ കൈവശം വച്ചതിന് കഴിഞ്ഞദിവസം പിടിയിലായ ഇടുക്കി സ്വദേശി ഷോജോ ജോണാണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ ലോക്കപ്പില്‍ തൂങ്ങിയത്. നീല ബാഗ് തിരക്കി വീട്ടിലേക്ക് എക്സൈസ് വന്നതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഷോജോയുടെ ഭാര്യ ജ്യോതി മനോരമ ന്യൂസിനോട് പറഞ്ഞു. ഷോജോയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെയാണ് കാടാങ്കോട്ടെ വാടക വീട്ടില്‍ നിന്നും രണ്ട് കിലോ ഹഷീഷ് ഓയിലുമായി ഷോജോ ജോണ്‍ എക്സൈസിന്റെ പിടിയിലാവുന്നത്. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത് മുതല്‍ നീല ബാഗ് എവിടെയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്ന് ഭാര്യ ജ്യോതി പറഞ്ഞു. ഉദ്യോഗസ്ഥരാണോ ബാഗ് കൊണ്ട് വച്ചതെന്ന സംശയമുണ്ട്. ഷോജോ അബദ്ധം കാണിച്ചെന്ന് പറഞ്ഞാണ് രാവിലെ ഏഴ് മണിയോടെ ഉദ്യോഗസ്ഥര്‍ വിളിച്ചത്. ദൂരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം.
പുലര്‍ച്ചെ ലോക്കപ്പിനുള്ളില്‍ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മര്‍ദനം ഉള്‍പ്പെടെ കുടുംബം ആരോപിക്കുന്ന ദുരൂഹതകള്‍ അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറും അറിയിച്ചു.
Drug case accused commits suicide in excise office, Palakkad