TAGS

നരിക്കുനി: മാരകശേഷിയുള്ള രാസ ലഹരിവസ്തുക്കൾ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവൻ പിടിയിലായി. ചേളന്നൂർ പുതിയേടത്ത്താഴം കിരണിനെയാണ് (24) താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടി, നർകോട്ടിക് സെൽ ഡിവൈഎസ്പി അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ ബസ് സ്റ്റാൻഡിനു സമീപം വാഹനപരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ച എംഡിഎംഎ, 11 എൽഎസ്ഡി സ്റ്റാംപുകൾ, ഹഷീഷ് ഓയിൽ എന്നിവ പ്രതിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കാറിൽ വരികയായിരുന്ന യുവാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നുകൾ. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിക്കുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നും പൊലീസ് പറഞ്ഞു. യുവാക്കളുടെ വലിയൊരു സംഘത്തെ പ്രതി ലഹരിമരുന്ന് വിൽപനയ്ക്കായി ഉപയോഗിക്കുന്നുണ്ട്.

 

ആദ്യം ലഹരിമരുന്ന് സൗജന്യമായി ഉപയോഗിക്കാൻ നൽകിയാണു യുവാക്കളെ വലയിലാക്കുന്നത്. ബെംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നു കിരൺ നേരിട്ടാണു ലഹരിവസ്തുക്കൾ എത്തിക്കുന്നത്. ലഹരി വിൽപനയ്ക്കായി പോകുമ്പോൾ അപകടകാരിയായ നായയെ കാറിൽ കൊണ്ടു പോകുന്നത് ഇയാളുടെ രീതിയാണ്. വാങ്ങുന്നവർക്കു ലഹരി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും പ്രതി ഒരുക്കിക്കൊടുക്കും. ബാലുശ്ശേരിയിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ചതിനു റിമാൻഡിലായ കിരൺ ദിവസങ്ങൾക്കു മുൻപാണു ജാമ്യത്തിലിറങ്ങിയത്.

 

പ്രതി ഉപയോഗിച്ച കാറിൽ അഭിഭാഷകരുടെ ചിഹ്നം പതിച്ചിരുന്നു. സ്പെഷൽ സ്ക്വാഡിലെ എസ്ഐമാരായ രാജീവ് ബാബു, വി.കെ.സുരേഷ്, കെ.പി.രാജീവൻ, സീനിയർ സിപിഒമാരായ വി.വി.ഷാജി, പി.പി.ഷിജേഷ്, ഇ.കെ.അഖിലേഷ്, കെ.ലിനീഷ്, കൊടുവള്ളി എസ്എച്ച്ഒ എം.പി.രാജേഷ്, എസ്ഐമാരായ പി.കെ.അഷ്റഫ്, എൻ.പി.രാജൻ, എഎസ്ഐ ടി.സജീവൻ, സീനിയർ സിപിഒമാരായ കെ.കെ.ലിനീഷ്, അഭിലാഷ്, അബ്ദുൽ റഹീം എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.