TAGS

വെഞ്ഞാറമൂട്: പട്രോളിങ്ങിനിടെ പൊലീസിനെ മർദിച്ച സംഭവത്തിൽ യുവാവിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലമ്പാറ തേമ്പാംമൂട് കൊച്ചുകടയിൽ വീട്ടിൽ മുഹമ്മദ് റോഷൻ(38)ആണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത്: ശനി രാത്രി 12.30ന് തേമ്പാംമൂട് മേഖലയിൽ പട്രോളിങ് നടത്തുന്നതിനിടയിൽ റോഡിനു സമീപം ഒരു കാറിന്റെ വാതിലും ഡിക്കിയും തുറന്നിട്ട നിലയിൽ കണ്ടെത്തി. പ്രദേശത്ത്  ആരെയും കണ്ടെത്തിയില്ല. തുടർന്നു കാറിന്റെ നമ്പർ ഉപയോഗിച്ച് ആർസി ഉടമസ്ഥനെ കണ്ടെത്തി വിവരമറിയിച്ചു.

 

മകൻ കടയിൽ പോയതാണെന്നും ഇതുവരെയും മടങ്ങിയെത്തിയില്ലെന്നും വീട്ടുകാർ അറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു. അരമണിക്കൂർ കഴി​ഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ് റോഷനും സുഹൃത്തുക്കളും  വീട്ടുകാരെ വിളിച്ചുവരുത്തി എന്നു പറഞ്ഞ് പൊലീസിനോടു തട്ടിക്കയറുകയും ജിഎസ്ഐ ഷറഫുദ്ദീനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.  ഒരു സംഘം പൊലീസ് കൂടിയെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു. ജിഎസ്ഐ ഷറഫുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റോഷനെ കോടതിയിൽ ഹാജരാക്കി.