കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്ടറെ വിജിലൻസ് പിടികൂടി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർ സുജിത് കുമാറിനെയാണ് വീടിനോട് ചേർന്ന കൺ സലേറ്റഷൻ റൂമിൽ നിന്ന് പിടികൂടിയത്. മുണ്ടക്കയം സ്വദേശിക്ക് സർക്കാർ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയ ചെയ്യുന്നതിനാണ് സുജിത് കുമാർ 5000 രൂപ കൈക്കൂലി വാങ്ങിയത്. ഉദരരോഗം ബാധിച്ച് ചികിത്സ തേടിയെത്തിയ മുണ്ടക്കയം സ്വദേശിയോടാണ് സുജിത് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനായി 2000 രൂപയും ശസ്ത്രക്രിയയ്ക്ക് ശേഷം 3000 രൂപയുമെന്നായിരുന്നു വ്യവസ്ഥ. ഇത് പ്രകാരം കഴിഞ്ഞ 15 ന് പരാതിക്കാരന്റെ കയ്യിൽ നിന്ന് 2000 രൂപ വാങ്ങി. വീടിനോട് ചേർന്ന കൺസൽറ്റേഷൻ റൂമിൽ വെച്ചാണ് പണം കൈമാറിയത്. ഇതേ തുടർന്ന് 16 ന് ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും 20 ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വാർഡിൽ ചികിത്സയിൽ തുടർന്ന രോഗിയുടെ മകനോട് ബാക്കി പണം എത്തിക്കാൻ സുജിത് കുമാർ ആവശ്യപ്പെട്ടു.
ഇതേ തുടർന്നാണ് ഡോക്ടർക്കെതിരെ പരാതി നൽകുന്നത്.ഇയാൾക്കെതിരെ മുൻപും വ്യാപകമായ പരാതി ഉയർന്നിരുന്നു.ഇത് സംബന്ധിച്ച് വിജിലൻസ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തുകയും നിജസ്ഥിതി ബോധ്യപ്പെട്ടതിനെ തുടർന്ന് കെണിയൊരുക്കുകയായിരുന്നു.ബാക്കി തുകയായ 3000 രൂപ വാങ്ങുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി.സുജിത് കുമാറിനെ നാളെ കോടതിയിൽ ഹാജരാക്കും.