online-rummy

മാതാപിതാക്കളുടെ പണവും സ്വര്‍ണവും മോഷ്ടിച്ചു റമ്മി കളിച്ചതു പിടിക്കപ്പെട്ടതിനു പിറകെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓടുന്ന ട്രെയിനില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി മണപ്പാറ റയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച പുലര്‍ച്ചെയാണു സംഭവം. മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി സ്വദേശി ആത്മഹത്യയെ കുറിച്ചു വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനുശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടി മരിച്ചത്.

 

മണപ്പാറയിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി മലയാണ്ടിപ്പെട്ടി സ്വദേശി ആര്‍. സന്തോഷിനെ ഇന്നലെ രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി–മധുര റയില്‍വേ ലൈനില്‍ മണപ്പാറ സ്റ്റേഷനു സമീപമാണു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്നു റയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചത്. ആറുമാസങ്ങളായി സന്തോഷ് ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായിരുന്നു. വീട്ടില്‍ നിന്നു മോഷ്ടിച്ചായിരുന്നു ഇയാള്‍ കളിക്കാന്‍ പൈസ കണ്ടെത്തിയിരുന്നത്. 

 

കഴിഞ്ഞ ദിവസം ഇയാളുടെ അമ്മയുടെ സ്വര്‍ണമോതിരം കാണാതായി. പണം മോഷ്ടിച്ചു റമ്മി കളിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാതാപിതാക്കള്‍ സന്തോഷിനെ ഫോണില്‍ വിളിച്ച് കാര്യം തിരക്കി. മോതിരം കൈവശമുണ്ടെന്നും ഉടന്‍ വീട്ടിലേക്കു വരുമെന്നും ഇയാള്‍ അറിയിച്ചു. ഇതിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.  പൊലീസില്‍ പരാതി നല്‍കി തിരച്ചില്‍ നടത്തുന്നതിനിടെയാണു മണപ്പാറ റയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്തിയത്. മരിക്കാന്‍ പോകുകായണെന്നു ബുധനാഴ്ച രാത്രി ഇയാള്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. മരണത്തിന് ഉത്തരവാദി ഓണ്‍ലൈന്‍ റമ്മിയാണന്നും ധാരാളം പണം റമ്മി കളിച്ചു നഷ്ടമായെന്നും ആയിരുന്നു സ്റ്റാറ്റസ്. ഇതിനു ശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടിയെന്നാണു സൂചന. മണപ്പാറ റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Tamilnadu engineering student commit suicide