കണ്ണൂർ  പാനൂർ വള്ളിയായിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും. 

 

കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 23 വയസ്സായിരുന്നു. കഴുത്തിലും കൈകളിലും മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതി ശ്യാംജിത്തുമായി വിഷ്ണുപ്രിയക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി.  ഇതിലെ പകയാണ് ക്രൂരകൃത്യത്തിന്റെ കാരണം. കൊലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തുമായി പെൺകുട്ടി വഴക്കിട്ടു.  

 

തൊട്ടു പിന്നാലെ  കയ്യിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതിയെ  പിടികൂടി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അയൽവാസികൾ നൽകിയ മൊഴിയും നിർണായകമായി. 

 

പ്രതി കുറ്റം സമ്മതിച്ചെങ്കിലും ഇയാളിൽ നിന്ന് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. വിഷ്ണുപ്രിയയുടെ വീട്ടിൽ കണ്ണൂർ റേഞ്ച് ഡിഐജി. രാഹുൽ ആർ നായർ പരിശോധന നടത്തി.